ഗുരുവായൂർ ക്ഷേത്രം തിരുവോണനാളുകളെ വരവേൽക്കാൻ ഒരുങ്ങുന്നു. ഉത്രാടനാളിലെ ഭക്തിനിർഭരമായ കാഴ്ചക്കുല സമർപ്പണവും തിരുവോണനാളിലെ ഓണപ്പുടവ സമർപ്പണവും പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ടുമാണ് പ്രധാന ചടങ്ങുകൾ. ചടങ്ങുകൾ പ്രമാണിച്ച് ദർശന സമയത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗുരുവായൂർ: തിരുവോണനാളുകളെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം. ക്ഷേത്രത്തിലെ സുപ്രധാന ആചാരവിശേഷങ്ങളിലൊന്നായ ഉത്രാട കാഴ്ചക്കുല സമർപ്പണം നാളെ (ആഗസ്റ്റ് 25, ചൊവ്വാഴ്ച) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. രാവിലെ ഉത്രാട ശീവേലിക്കു ശേഷമാണ് സ്വർണ്ണക്കൊടിമരച്ചുവട്ടിൽ വച്ച് കാഴ്ചക്കുല സമർപ്പണം ആരംഭിക്കുന്നത്. ക്ഷേത്രം മേൽശാന്തി ആദ്യ കാഴ്ചക്കുല ഭഗവാന് സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ, ക്ഷേത്രം ഊരാളൻ, തന്ത്രി, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ കൊടിമരച്ചുവട്ടിൽ കാഴ്ചക്കുലകൾ അർപ്പിക്കും. ചടങ്ങിൽ സംസ്ഥാന ദേവസ്വം മന്ത്രി കെ മുരളീധരനും പങ്കെടുക്കും.

കാഴ്ചക്കുല സമർപ്പണത്തിന് പ്രത്യേക സൗകര്യം

കാഴ്ചക്കുലകളുമായി ഭക്തർക്ക് നാലമ്പലത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾക്കായി മുതിർന്ന പൗരന്മാർക്കുള്ള ദർശന വരി നിലനിൽക്കുന്ന ഭാഗത്ത് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

നാളെ ദർശന സമയത്തിൽ നിയന്ത്രണം

കാഴ്ചക്കുല സമർപ്പണ ചടങ്ങുകൾ സുഗമമായി നടത്തുന്നതിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) രാവിലെ 5.30-ഓടെ സീനിയർ സിറ്റിസൺസ്, പ്രാദേശികവാസികൾ എന്നിവർക്കുള്ള പ്രത്യേക ദർശന വരികൾ അവസാനിപ്പിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

തിരുവോണ നാളിൽ ഓണപ്പുടവ സമർപ്പണവും വിശേഷാൽ പ്രസാദ ഊട്ടും

തിരുവോണ നാളിൽ (ആഗസ്റ്റ് 26, ബുധനാഴ്ച) പതിവു ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും പഞ്ചവാദ്യ-മേള അകമ്പടിയും ഉണ്ടാകും. പുലർച്ചെ 4.30-നാണ് ശ്രീഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടക്കുക. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ഓണപ്പുടവ ചാർത്തും. ഉഷഃപൂജ വരെ ഭക്തർക്ക് ഓണപ്പുടവ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും.

തിരുവോണദിനത്തിൽ പതിനായിരം പേർക്കായി വിശേഷാൽ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രസാദ ഊട്ടിനായുള്ള വരി ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. തുടർന്ന് 2 മണി മുതൽ ബുഫേ സമ്പ്രദായത്തിലായിരിക്കും സദ്യ വിതരണം ചെയ്യുക. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴം പ്രഥമൻ, മോര്, കായവറവ്, പപ്പടം, അച്ചാർ തുടങ്ങിയ വിഭവങ്ങളോടു കൂടിയ വിപുലമായ തിരുവോണസദ്യയാണ് ഭക്തർക്കായി ഗുരുവായൂരിൽ ഒരുങ്ങുന്നത്.