ഉത്തരാഖണ്ഡിലെ ദുരന്തബാധിതർക്ക് കേരളത്തിന്റെ പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

തിരുവനന്തപുരം : ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലൂടെ അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തിൽ കുടുങ്ങിയിരിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. 

ഇതിന്റെ പശ്ചാത്തലത്തിൽ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാവുന്നമുറക്ക് കേരള സർക്കാരിനെ അറിയിക്കണമെന്നും ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.

രക്ഷാപ്രവർത്തനം ഊർജ്ജിതം

മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ട ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ പ്രതികൂലകാലവസ്ഥയിലും രക്ഷാപ്രവർത്തനം ഊർജ്ജിതം. സേന ഹെലികോപ്റ്റർ ഗ്രാമീണർക്ക് സഹായം എത്തിക്കുന്നുണ്ട്. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നിലവിൽ 225 സൈനികരുടെ സംഘം ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിലാണ്. എഞ്ചിനീയറിംഗ് ടീമും പ്രദേശത്തുണ്ട്. ഹർസിലിലെ കരസേന ക്യാമ്പിലെ ഹെലിപാഡിലേക്ക് മൂന്ന് ഹെലികോപ്ടറുകൾ എത്തിച്ച് പരിക്കേറ്റവരെ അടക്കം മാറ്റി. രണ്ട് താൽകാലിക ഹെലിപാടുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതോടെ കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാനാകും.

ഉത്തരകാശിയിൽ നിന്നും ഗംഗോത്രിയിലേക്കുള്ള ദേശീയപാത പലയടിത്തും തകർന്നിരിക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാൻ പ്രോജ്ട് ശിവാലിക്ക് എന്ന പദ്ധതിയിലൂടെ റോഡ് നിർമ്മാണം ബോർഡർ റോഡ് ഓർഗനൈസേഷൻ ഊർജ്ജിതമാക്കി. ദേശീയ പാത മുപ്പത്തി നാലിൽ 69 കിലോമീറ്ററോളം ദുരത്തിൽ തടസങ്ങളുണ്ട്. ദേശീയപാതയിലെ ധരാലിയിലേക്കുള്ള ഭാഗത്ത് ചെളിനിറഞ്ഞത് മാറ്റാനാണ് പരിശ്രമം. ഇതിനിടെ എൻഡിആർഎഫിന്റെ മൂന്ന് പുതിയ സംഘം കൂടി രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി.ധരാലി ഗ്രാമത്തിൽ കെട്ടിടങ്ങൾ അടക്കം മണ്ണിടിഞ്ഞ് മൂടിയിരിക്കുകയാണ്. ഇവിടെ തെരച്ചിൽ നടത്താൻ കൂടുതൽ യന്ത്രസമിഗ്രികൾ ഇവിടേക്ക് കൊണ്ടുവരണം. വ്യോമസേനയുടെ രണ്ട് ട്രോൻസ്പോർട്ട് വിമാനങ്ങളിൽ ഇതിനായുള്ള യന്ത്രങ്ങൾ ഡെറാണ്ടൂണിൽ എത്തിച്ചു.കരസേനക്യാമ്പിൽ കാണാതായ ഒരു ജെസിഓ , 8 ജവാന്മാർ ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.ദുരന്തസ്ഥലത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി താറുമാറായി. ഇതിനാൽ രക്ഷപ്രവർത്തകർക്ക് ആശയവിനിമയത്തിന് സാറ്റ്ലൈറ്റ് ഫോൺ നൽകി. കാണാതായത് എത്ര പേരെന്ന് കൃതൃമായ കണക്ക് ലഭിച്ചിട്ടില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേണൽ ഹർഷവർധൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശക്തമായ മഴ പ്രദേശത്ത് പലയിടങ്ങളിലും തുടരുകയാണ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. മണ്ണിടിഞ്ഞ് ഹരിദ്വാർ ഡെറാഡൂൺ റെയിൽപാതയിലും ബദ്രിനാഥഅ ദേശീയപാതയിലും ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഹിമാചലിലെ കിനൌറിലും മേഘവിസ്ഫോടനത്തെ തുടർന്ന് പ്രളയസാഹചര്യമാണ്.

കിനൌറിൽ കുടുങ്ങിയ 413 തീർത്ഥാടകരെ അതിസാഹസികമായി രക്ഷപ്പെടുത്തി. നദിക്ക് അപ്പുറം കുടുങ്ങിയവരെ വടംകെട്ടി ഐടിബിപി സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചു.

YouTube video player