തിരുവല്ലം കസ്റ്റഡിമരണത്തില്‍ പൊലീസ് വാദം പൊളിയുന്നു. മരണകാരണം ഹൃദയാഘാതമാണെങ്കിലും  സുരേഷിന്‍റെ ശരീരത്തിലെ  പന്ത്രണ്ട് ചതവുകളെക്കുറിച്ച് അന്വേഷണം വേണമെന്നാണ്  പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ ആവശ്യം . 

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണം (Thiruvallam Custody Case) സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). നടന്നത് ലോക്കപ്പ് കൊലപാതകമാണെന്നും സതീശന്‍ പറഞ്ഞു. ഗതാഗത മന്ത്രി ആന്‍റണി രാജുവിനെയും സതീശന്‍ വിമര്‍ശിച്ചു.

പാവപ്പെട്ടവരെ മന്ത്രി പരിഹസിക്കുകയാണ്. കുട്ടികള സ്കൂളുകളിൽ അയക്കുന്നതിലെ ബുദ്ധിമുട്ട് അറിയാതെയാണ് മന്ത്രി സംസാരിക്കുന്നതെന്ന് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ഇപ്പോഴും സർക്കാർ സഹായം ലഭിക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചു. പണം നഷ്ടമായവർക്ക് പണം തിരികെ ലഭിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ല. സിബിഐ അന്വേഷണവും എങ്ങുമെത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണം നഷ്ടമായ നിക്ഷേപകരുടെ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവല്ലം കസ്റ്റഡി മരണത്തിൽ പൊലീസ് വാദം പൊളിയുന്നു, സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവല്ലം കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഡിജിപിയുടെ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകും. ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഉടനെ തന്നെ സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് വിജ്ഞാപനമിറക്കും. 

അതേസമയം കസ്റ്റഡി മരണക്കേസിൽ പ്രതിയെ മർദ്ദിച്ചില്ലെന്ന് പൊലീസ് വാദം പൊളിയുകയാണ്. സുരേഷിൻ്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിലെ പന്ത്രണ്ട് ചതവുകളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ ആവശ്യം. ചതവുകള്‍ ഹൃദ്രോഗം വഷളാക്കിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സുരേഷിനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേര്‍ മജിസ്ട്രേട്ടിന് മൊഴി നല്‍കി

ശരീരത്തില്‍ പരുക്കില്ലെന്നും ഹൃദയാഘാതം കാരണമാണ് സുരേഷ് മരിച്ചതെന്നുമായിരുന്നു പൊലിസ് വിശദീകരണം. എന്നാല്‍ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പിലെ വിവരങ്ങൾ പുറത്തു വന്നത്തോടെ ചിത്രം മാറി. താടിയെല്ല്, കഴുത്ത്, തുട, കാല്‍മുട്ട്, കൈ, മുതുക് എന്നിവിടങ്ങളിലെ 12 ചതവുകളിലെ സംശയമാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. 

ശരീരത്തിലുണ്ടായ ഈ ചതവാണ് സുരേഷിന് ഹൃദയാഘാതം ഉണ്ടാക്കിയതെന്നും സുരേഷിനെ പൊലിസ് മര്‍ദ്ദിച്ച് കൊന്നതാണെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണെന്നും സഹോദരൻ സുഭാഷ് ആവശ്യപ്പെട്ടു. ജഡ്ജിക്കുന്നില്‍ ദമ്പതികളുമായി ഉണ്ടായ മല്‍പ്പിടുത്തമാണോ പൊലിസില്‍ നിന്നേറ്റ മര്‍ദ്ദനമാണോ ചതവിന് കാരണമെന്നാണ് അന്വേഷിക്കേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേസ് സിബിഐയ്ക്ക് സര്‍ക്കാര്‍ വിട്ടേക്കും. കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് നെയ്യാറ്റിൻകര മജിസ്ട്രട്ടിനാണ് സുരേഷിനൊപ്പം പിടികൂടിയ നാല് പേര്‍ മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ചെന്ന് ഇവര്‍ നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. 

Read Also : Thiruvallam Custodial Death : 'സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു', പൊലീസ് മര്‍ദ്ദിച്ച് കൊന്നതെന്ന് സഹോദരന്‍