Asianet News MalayalamAsianet News Malayalam

മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്‍റെ നിലപാട് തെറ്റാണെന്ന് വി ഡി സതീശൻ

മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്‍റെ നിലപാട് തെറ്റാണ്. തെറ്റ് ചെയ്താല്‍ സിപിഎമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് നിലപാടാണെന്നും സതീശൻ പറഞ്ഞു.  

v d satheesan against actor dharmajan bolgatty for reacting badly to journalist
Author
First Published Aug 26, 2024, 6:23 PM IST | Last Updated Aug 26, 2024, 6:50 PM IST

കൊച്ചി: ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച  മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്‍റെ നിലപാട് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റ് ചെയ്താല്‍ സിപിഎമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് നിലപാടാണെന്നും സതീശൻ വ്യക്തമാക്കി. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറക്കിയ പത്രക്കുറിപ്പില്‍ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ല. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകള്‍ സമീപകാലത്ത് അവര്‍ക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് ചില അഭിമുഖങ്ങളും പ്രസ്താവനകളും നടത്തിയതിനെ കുറിച്ച് അന്വേഷിക്കാനുള്ള സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. 

അപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ഈ അന്വേഷണത്തിന് ഒരു ബന്ധവുമില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിക്ക് മുന്‍പാകെ ഇരകള്‍ കൊടുത്തിരിക്കുന്ന ആധികാരിക മൊഴികളും തെളിവുകളും സംബന്ധിച്ച് ഒരു കാരണവശാലും അന്വേഷിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ ആ നിലപാട് സ്വീകാര്യമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ എന്താണ് തടസമെന്നാണ് കേടതിയും ചോദിച്ചിരിക്കുന്നത്. ഇരകള്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഏത് ലൈംഗിക പീഡന കേസിലാണ് ഇരകള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നത്? വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരകള്‍ വീണ്ടും മൊഴി നല്‍കണമെന്ന് പറയുന്നതും അവരെ അപമാനിക്കലാണ്. ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു. 

ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരു സ്ഥാനത്തും ഇരിക്കാന്‍ യോഗ്യരല്ല. രാജി വയ്ക്കുന്നതാണ് നല്ലത്. രഞ്ജിത്തും സിദ്ധിഖും രാജി വച്ചത് മറ്റുള്ളവരും പിന്തുടരുന്നതാണ് നല്ലത്. മുകേഷും രാജി വയ്ക്കുമെന്നാണ് കരുതുന്നത്. കുറ്റകൃത്യങ്ങളുടെ പരമ്പര ഉണ്ടായെന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരിക്കുകയാണ്. അത് ശരിയാണോയെന്ന് അന്വേഷിച്ച് തെറ്റുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. എന്നിട്ടാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന വിവരം സര്‍ക്കാര്‍ നാലര വര്‍ഷം മറച്ചുവച്ചത്. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ വീണ്ടും പൊലീസിന് പിന്നാലെ നടക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. കൊവിഡ് ആയതു കൊണ്ടാണ് റിപ്പോര്‍ട്ടില്‍ നടപടി എടുക്കാതിരുന്നതെന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി പറഞ്ഞത്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനുള്ള വിചിത്ര വാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നതു കൊണ്ടാണ് സാംസ്‌കാരിക മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും ആശ്വസിക്കാം! ഉറക്കം കെടുത്തിയ എടിഎം തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios