ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലെഴുതിയ കത്ത് പൂര്‍ണ്ണമായും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് (D.Litt) നല്‍കാനുള്ള ഗവര്‍ണ്ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല വി സി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം. സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആവശ്യം നിരാകരിച്ചതെന്ന് കത്തില്‍ പറയുന്നു. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലെഴുതിയ കത്ത് പൂര്‍ണ്ണമായും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) ആരോപിച്ചു. രാഷ്ട്രപതിക്ക് ഡിലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാേ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന തന്‍റെ ആരോപണം ശരിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan) പ്രതികരിച്ചു.

കഴിഞ്ഞ മാസം ഏഴിനാണ് കേരള സര്‍വകലാശാല വിസി വി പി മഹാദേവൻ പിള്ള ഗവര്‍ണ്ണര്‍ക്ക് രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാനുള്ള ഗവര്‍ണ്ണറുടെ ശുപാര്‍ശയ്ക്കെതിരെ കത്തെഴുതിയത്. വി സി ചാൻസിലര്‍ക്കെഴുതിയ കത്തില്‍ അക്ഷരത്തെറ്റും വ്യാകരണപ്പിശകുമാണ്. വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയിലാണോ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. രാഷ്ട്രപതി ഒരു ശുപാര്‍ശ നടത്തിയാല്‍ അത് സിൻഡിക്കേറ്റില്‍ വി സി അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം. സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ കൂടി സിൻഡിക്കേറ്റില്‍ ഉള്ളതിനാല്‍ എളുപ്പ വഴി തേടിയ വി സി ഇടത് സിൻഡിക്കേറ്റ് അംഗങ്ങളോട് മാത്രം ചര്‍ച്ച ചെയ്താണ് ഗവര്‍ണ്ണറുടെ ആവശ്യം തള്ളി. സിന്‍ഡിക്കേറ്റ് ചേരാതെ വി സിക്ക് ഏങ്ങനെ അഭിപ്രായം തേടാനാകുമെന്ന് ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടലുണ്ടായോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി ലിറ്റ് വിവാദം സിൻഡിക്കേറ്റ് ചര്‍ച്ച ചെയ്തില്ലേന്ന തന്‍റെ വാദം ശരിയായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തെന്ന് മാത്രമാണ് വി സിയുടെ കത്തിലുള്ളത്. അങ്ങനെയല്ല നടപടിക്രമം. സിൻഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യണം എന്ന നടപടി ക്രമം പാലിച്ചില്ലെന്ന് ഇപ്പോള്‍ വ്യക്തമായിയെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

YouTube video player