സംസ്ഥാന സർക്കാരിൻ്റെ പ്രോജക്റ്റുകൾ പ്രതിസന്ധിയിലാകും. പ്രഖ്യാപിച്ചതിൽ പകുതി പദ്ധതികളെ ഇനി കേരളത്തിൽ നടപ്പിലാകൂവെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. ബജറ്റിലെ പണം കൊണ്ട് മാത്രം പശ്ചാത്തല വികസന പദ്ധതികൾ നടപ്പിലാകില്ല. സംസ്ഥാന സർക്കാരിൻ്റെ പ്രോജക്റ്റുകൾ പ്രതിസന്ധിയിലാകും. പ്രഖ്യാപിച്ചതിൽ പകുതി പദ്ധതികളെ ഇനി കേരളത്തിൽ നടപ്പിലാകൂവെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ക്രെഡിബിലിറ്റി സർക്കാർ തകർത്തു. വായ്പ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിധി മറികടക്കാനാണ് കിഫ്ബി രൂപീകരിച്ചത്. കിഫ്ബിയുടെ മുപ്പതിനായിരം കോടി ക്യാഷായും ഡെപ്പോസിറ്റായും ഉണ്ട്. അതാണ് വി ഡി സതീശൻ ലക്ഷ്യമിടുന്നത്. കിഫ്ബി പദ്ധതികളിൽ അഴിമതി ഉണ്ടെങ്കിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് നിർദേശിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽ വെച്ചിരുന്നു. കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്ശ. കിഫ്ബി സർക്കാരിന് വൻ ബാധ്യതയെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടില് പറയുന്നത്. കിഫ്ബി ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുണ്ടെന്നും കണ്ണൂരിൽ ഭൂമി വിലയുടെ അഞ്ചിരട്ടി നൽകി 3829 ഏക്കർ 9572 കോടിക്ക് ഏറ്റെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ടില് ആവശ്യപ്പെട്ടു. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധനയ്ക്കും റിപ്പോര്ട്ടില് ശുപാർശ നല്കി.
