വി ഡി സതീശന്റെ 'ആദം നീ എവിടെ ആകുന്നു?' എന്ന പുതിയ പുസ്തകം വായനക്കാരിലേക്ക് എത്തുന്നു. ബൈബിൾ സംബന്ധമായ ഈ പുസ്തകം ഡിസി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.

കോട്ടയം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശന്‍റെ പുതിയ പുസ്തകം നാളെ വായനക്കാരിലേക്ക്. 'ആദം നീ എവിടെ ആകുന്നു?' എന്ന പേരിൽ ബൈബിള്‍ സംബന്ധമായ പുസ്തകമാണ് പുറത്തിറക്കുന്നത്. ഡിസി ബുക്‌സാണ് പ്രസാധകർ. പുസ്തകം നാളെ മുതൽ ലഭ്യമാകും. ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ്റെ നിരീക്ഷണത്തിൽ നിന്നുള്ള പുസ്തകമാണ് ഇതെന്ന് അവതാരികയില്‍ സിറിയക് തോമസ് എഴുതിയിട്ടുണ്ട്. ക്രിസ്തുദർശനങ്ങളിലൂടെയുള്ള സഞ്ചാരം എന്നാണ് പുസ്തകത്തിന്‍റെ കവറിൽ എഴുതിയിരിക്കുന്നത്.

എല്ലാ ദിവസവും ബൈബിളിൻ്റെ ഒരു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. വി ഡി സതീശൻ എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് 'ആദം നീ എവിടെ ആകുന്നു?'. 2021ൽ 'നേരനുഭവങ്ങൾ' എന്ന പുസ്തകം അദ്ദേഹം പുറത്തിറക്കിയിരുന്നു.

നല്ലൊരു വായനക്കാരൻ കൂടിയാണ് വി ഡി സതീശൻ. കഴിഞ്ഞ വർഷം 60 പുസ്തകങ്ങൾ വായിച്ചതായി അദ്ദേഹം പറയുകയുണ്ടായി. താൻ വായിച്ച പുസ്തകങ്ങളുടെ പട്ടിക സാമൂഹിക മാധ്യമത്തിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു- ‘തിരക്ക് ഏറെയുണ്ടായിരുന്ന വര്‍ഷമായിരുന്നു 2025. തദ്ദേശ തെരഞ്ഞെടുപ്പും യാത്രകളും എല്ലാം ചേര്‍ന്ന തിരക്ക്. വായനയെ ബാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ആഗ്രഹിച്ചതെല്ലാം വായിക്കാന്‍ സാധിച്ചില്ലെങ്കിലും തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കി. കുറെയേറെ പുസ്തകങ്ങളും പ്രകാശനം ചെയ്തു’വെന്നും സതീശൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു.