നിർണായക ചർച്ചകൾക്ക് ശേഷം പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ വി ഡി സതീശനെ നൂറോളം പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. പ്രവർത്തകരുടെ സ്നേഹപ്രകടനത്തിൽ വികാരാധീനനായ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.

കൊച്ചി: പാതിരാത്രയിലും തന്നെ കാണാനായി വിമാനത്താവളത്തിൽ എത്തിയവര്‍ക്ക് മുന്നിൽ വികാരാധീനനായി വി ഡി സതീശൻ. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾക്ക് ശേഷം കോൺഗ്രസ് നേതാവ് വി ഡി സതീശൻ പുലർച്ചെ ഒന്നരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ വിമാനത്താവളത്തിൽ സതീശനെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാധ്യമങ്ങളോട് പ്രതികരിക്കാൻ സതീശൻ തയാറായില്ല. പ്രവര്‍ത്തകരുടെ സ്നേഹത്തിന് മുന്നിൽ തലയിൽ കൈവെച്ചുപോയ സതീശൻ ഒന്നര മണിയായി എന്ന് അവരെ ഓര്‍മ്മിപ്പിക്കാൻ ശ്രമിച്ചു. ഞങ്ങളുടെ ജീവനല്ലേ സാറെ, ഞങ്ങൾ എങ്ങനെയാ പോകുന്നേ എന്നാണ് ഒരു പ്രവര്‍ത്തകൻ പറയുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം, എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു. തന്‍റെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിർത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു. അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്നാണ് പുറച്ച് വരുന്ന വിവരങ്ങൾ. എന്നാൽ തൻറെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തല നിലപാട് എടുത്തു. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്.