മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്‍റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു. 

മാറ്റങ്ങളുടെ പാപ്പ

വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയുടെ അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്.

ലോകം ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ച ഇന്നലെയായിരുന്നു ഏറെ നാളുകള്‍ക്ക് ശേഷം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. അവസാന സന്ദേശത്തിലും ഗാസയില്‍ ഉടൻ തന്നെ വെടിനിര്‍ത്തൽ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണെങ്കിലും ഇന്നലെ അപ്രതീക്ഷിതമായി അദ്ദേഹം വിശ്വാസികൾക്ക് മുന്നിലെത്തുകയായിരുന്നു. 

സഭയ്ക്ക് അകത്തും പുറത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച മാർപ്പാപ്പ വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിത പ്രകാശം കണ്ടെത്തിയ പാവങ്ങളുടെ പുണ്യാളനെന്നറിയപ്പെടുന്ന അസീസിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ പേരാണ് പോപ്പ് സ്വീകരിച്ചത്. ഭീകരതയും അഭയാർത്ഥി പ്രശ്നവും മുതൽ ആഗോള താപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്‍റെ നിലപാടുകൾക്ക് ലോകം കാതോർത്തു. ലോകത്തിലെ സ്വാധീനമുള്ള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. മാര്‍പാപ്പയായ ശേഷം വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥി മന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. ചരിത്രപരമായ നിലപാടെടുത്ത് സഭാ സിംഹാസനത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. 

'മാറ്റങ്ങളുടെ പാപ്പ', സ്വവർഗാനുരാഗികളെ ദൈവത്തിന്‍റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യസ്നേഹി; മഹായിടയന് വിട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം