Asianet News MalayalamAsianet News Malayalam

2 പേരുടെ രാജിയിൽ എല്ലാം അവസാനിക്കില്ല; വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ

സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്ത് ഇറങ്ങി വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന്‌ അപമാനമാണ്. മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

v d satheesan says minister saji cherian should resign
Author
First Published Aug 25, 2024, 12:13 PM IST | Last Updated Aug 25, 2024, 12:13 PM IST

തിരുവനന്തപുരം: വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രഞ്ജിത്തിന്റെയും സിദ്ദിഖിന്‍റെയും രാജി സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്ത് ഇറങ്ങി വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന്‌ അപമാനമാണ്. മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നു. അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വമേധയാ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

രണ്ട് പേരുടെ രാജിയില്‍ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അന്വേഷണം നടത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios