കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിലെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി  വി കെ ഇബ്രാഹിം കുഞ്ഞ്. അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നതെന്ന് പറയാൻ താൻ ആളല്ല.  പറയാനുള്ളത് രാവിലെ മാധ്യമങ്ങൾക്ക് എഴുതി നൽകിയിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമെ കണ്ടിട്ടുള്ളുവെന്നും കരാർ കമ്പിനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും കണ്ടിട്ടില്ലെന്നും വിജിലൻസ് റിമാൻഡ് റിപ്പോർട്ട് വായിച്ചാൽ ഇത് മനസ്സിലാകുമെന്നും ഇബ്രാഹിം കുഞ്ഞ് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് ഉദ്യോഗസ്ഥരെ ഇന്നലെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വിജിലൻസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. പാലം നിർമ്മിച്ച ആർഡിഎസ് പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുന്‍ എജിഎം എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ടു മുതൽ നാലുവരെ പ്രതികളാക്കിയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.