ശാന്തിവന വിവാദത്തില്‍ വാക്പോരുമായി എം എം മണിയും വി എം സുധീരനും. സുധീരൻ ഇപ്പോൾ ശാന്തിവനം സംരക്ഷണതിന് പോയിരിക്കുകയാണെന്നായിരുന്നു എംഎം മണിയുടെ വിമര്‍ശനം. എന്നാല്‍ വൈദ്യുതി മന്ത്രി ഒന്ന് സൗമ്യമായി സംസാരിച്ചാൽ പ്രശ്നങ്ങൾ പകുതി ഇല്ലാതാകുമെന്ന് തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തിന് സുധീരന്‍ തിരിച്ചടിച്ചു. 

സുധീരന്‍റെ സർക്കാർ ഉണ്ടായിരുന്ന കാലത്തും ഈ പ്രശ്നം നിലനിന്നിരുന്നു. പൊതുസമൂഹത്തിന്‍റെ നിലപാടാണ് താൻ വ്യക്തമാക്കിയതെന്നും മണി ശാന്തിവന വിവാദത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവസാന പച്ചപ്പിനെയും നശിപ്പിച്ച് മുന്നോട്ട് പോകാൻ നമുക്കാവില്ലെന്നും പഴയ വികസന കാഴ്ചപ്പാടുകൾ ഇനി നടപ്പില്ലെന്നും സുധീരനും വ്യക്തമാക്കി. 

അതേസമയം എം എം മണിയെ വിമർശിച്ച് പറവൂർ എംഎൽഎ വിഡി സതീശനും രംഗത്തെത്തി. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കെഎസ്ഇബിക്ക് നിർമാണം നടത്താൻ അനുമതി നൽകിയിട്ടില്ല. യുഡിഎഫ് സർക്കാർ പല പ്രോജക്ട് നിർമാണങ്ങളും അനുവദിക്കാതിരിക്കുകയാണ് ചെയ്തത്. വൈദ്യുത മന്ത്രി അനാവശ്യമായി ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ മന്ത്രി കാരണമാണ് പ്രളയത്തിൽ കേരളം മുങ്ങിയതെന്നും വിഡി സതീശന്‍ പറഞ്ഞു. സത്യം ജയിക്കും തങ്ങൾക് നീതി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് സ്ഥലം ഉടമ മീനയും വ്യക്തമാക്കി.