തിരുവനന്തപുരം: ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിക്കാൻ പണം നൽകിയെന്ന ശശി തരൂരിന്റെ വാദം കളവെന്ന് വി മുരളീധരൻ. അതിവേഗത്തിൽ കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്ന കിറ്റ് വികസിപ്പിക്കാൻ തന്റെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചെന്നായിരുന്നു ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നത്.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗത്തിന് താൻ നൽകിയ ഒരു കോടി രൂപ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് ഉപകാരപ്പെട്ടതിൽ അഭിമാനമുണ്ടെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഈ വർഷം ഏപ്രിൽ 17 ന് രാവിലെ 9.14 നാണ് ഈ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

കേന്ദ്ര വിവരാവകാശ കമ്മിഷൻ മായ നന്ദകുമാർ ഒപ്പിട്ട വിവരാവകാശ രേഖയുടെ ചിത്രം പുറത്തുവിട്ടാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഈ അവകാശ വാദത്തെ എതിർത്തത്. ഇന്നേവരെ ശശി തരൂർ എംപിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും തുകയൊന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടില്ലെന്നാണ് ഇതിൽ പറയുന്നത്.