സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക 11600 രൂപയാണെന്നു തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ സംസ്ഥാനത്തിനു പുറത്തു പരസ്യം നല്‍കിയെന്നും മുരളീധരന്‍.
തിരുവനന്തപുരം: ജനം മാര്‍ക്കിട്ടാല്‍ പിണറായി സര്‍ക്കാരിന് കിട്ടുക ആനമുട്ടയായിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സ്വയം പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കി സ്വയം മാര്‍ക്കിട്ട് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികളെ വഞ്ചിക്കുന്ന രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ഇടതുപക്ഷക്കാരായ തൊഴിലാളി യൂണിയനുകള്‍ ഇതിന് ഇടനിലക്കാരാവുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു. ബിഎംഎസ് സംസ്ഥാന വനിതാ തൊഴിലാളി സംഗമ വേദിയില്‍ സംസാരിക്കുകയായിരുന്നു വി മുരളീധരന്‍.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക 11600 രൂപയാണെന്നു തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ സംസ്ഥാനത്തിനു പുറത്തു പരസ്യം നല്‍കിയെന്നും മുരളീധരന്‍ ആരോപിച്ചു. സംസ്ഥാനത്ത് ഇങ്ങനെ പരസ്യം നല്‍കിയാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല. അതിനാല്‍ ഇവിടെ നല്‍കിയത് 1600 എന്ന് തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. കേരളത്തില്‍ അംഗന്‍വാടികളുടെ നവീകരണം ഇഴഞ്ഞു നീങ്ങുകയാണെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ലെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാണിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെയും സ്മൃതി ഇറാനി രംഗത്തെത്തി. അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്താന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ ഒരു വികസനവും ഉണ്ടായിട്ടില്ല. മണ്ഡലത്തില്‍ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു അടിസ്ഥാന വികസനവും ഉണ്ടായിരുന്നില്ല. ഇക്കാരണങ്ങളാല്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് വന്നത്. രാഹുല്‍ വയനാട്ടില്‍ തുടര്‍ന്നാല്‍ വയനാട്ടിലെ അവസ്ഥയും അതു തന്നെയാകുമെന്ന് സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

