ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാഹുല്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്നു: വി മുരളീധരന്‍
ഇന്ത്യന് വിപണിയില് നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്കുന്ന രാഹുല് ഗാന്ധി ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്
തിരുവനന്തപുരം: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും നടത്തുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇന്ത്യന് വിപണിയില്‍ നിക്ഷേപിക്കരുത് എന്ന് മുന്നറിയിപ്പ് നല്കുന്ന രാഹുല് ഗാന്ധി ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് മുരളീധരന്‍ ചോദിച്ചു.
വിപണികളെ തളര്‍ത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ശൈലി. കഴിഞ്ഞ വിവാദത്തിലും അവര്‍ കോടികളുടെ ലാഭമുണ്ടാക്കി. അന്നത്തെ ആരോപണങ്ങള്‍ തെറ്റെന്ന് വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തുകയും സുപ്രീംകോടതി ആ കണ്ടെത്തല്‍ ശരിവയ്ക്കുകയും ചെയ്തതാണ്. ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചതിന് സെബി നല്‍കിയ നോട്ടീസിന് മറുപടി നല്‍കാതെ, അതിന്റെ ചെയര്‍പേഴ്‌സണെ ആക്രമിക്കുന്ന വിദേശശക്തികളുടെ ലക്ഷ്യമെന്തെന്ന് പ്രതിപക്ഷത്തിന് അറിയാഞ്ഞിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതിപക്ഷ നേതാവിന്റെ വീഡിയോ സന്ദേശം അദാനി ഓഹരികളില്‍ നിക്ഷേപിച്ച ലക്ഷക്കണക്കിന് പേര്‍ക്ക് നഷ്ടമുണ്ടാക്കിയിരിക്കുകയാണ്. രാജ്യത്തെ വികസിത രാജ്യങ്ങളുടെ പട്ടികയിലേയ്‌ക്കെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തെ ഇല്ലാതാക്കുകയാണ് രാഹുലെന്നും മുരളീധരന്‍ പറഞ്ഞു.