Asianet News MalayalamAsianet News Malayalam

പൂച്ച് പുറത്താകുമെന്ന പേടിയാണോ മുഖ്യമന്ത്രിക്ക് ? സെക്രട്ടേറിയറ്റ് തീപ്പിടുത്തത്തിൽ വി മുരളീധരൻ

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ കത്തിനശിച്ച ഫയലുകൾ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോ ഇനി? 

V MURALEEDHARAN and bjp reaction on secretariat fire
Author
Trivandrum, First Published Aug 25, 2020, 8:02 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ സര്‍ക്കാരിനെതിരെ ആരോപണമുനകളുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ കത്തിനശിച്ച ഫയലുകൾ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോ ഇനി? എന്ന ചോദ്യവുമായാണ് വി മുരളീധരന്‍റെ പ്രതികരണം. 

ഇതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെയും എംഎൽഎ ഒ രാജഗോപാനിന്‍റെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. സെക്രട്ടേറിയറ്റിൽ സുരക്ഷയില്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷയെന്ന് ഒ രാജഗോപാൽ ചോദിച്ചു. ഒ രാജോപാലിനൊപ്പം രണ്ട് ബിജെപി നേതാക്കളെ കൂടി സംഭവം നടന്ന സ്ഥലത്തേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധം നടന്നു 

വി മുരളീധരന്‍റെ പ്രതികരണത്തിന്‍റെ പൂര്‍ണരൂപം: 

സ്വർണ കള്ളക്കടത്തു കേസിൽ പൂച്ച് പുറത്താകുമെന്ന് മനസിലായപ്പോൾ സെക്രട്ടേറിയറ്റിൽ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം? സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ കത്തിനശിച്ച ഫയലുകൾ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോ ഇനി? തീപിടിത്തത്തില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടില്ലെന്ന പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി. ഹണിയുടെ തിടുക്കത്തിലുള്ള പ്രതികരണത്തിലുണ്ട് എല്ലാം. കൃത്യമായ വഴിയിൽ അന്വേഷണമെത്തുമെന്ന് മനസിലായപ്പോൾ എല്ലാ രേഖകളും കത്തിച്ചതാണോയെന്ന സംശയം ന്യായമായും പൊതുജനങ്ങൾക്കുണ്ടാകും.

അട്ടിമറിക്ക് കുടപിടിക്കുകയാണോ ചീഫ് സെക്രട്ടറി ? ഇത് യാദൃശ്ചികമായുണ്ടായ തീപിടിത്തമെങ്കിൽ അവിടെയെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതെന്തിന്? ഇത്തരം അട്ടിമറി നടക്കുമ്പോൾ കെ.സുരേന്ദ്രൻ അവിടെയെത്തി പ്രതിഷേധിക്കുമെന്ന് കരുതിയില്ലേ? ഉള്ളത് പറയുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വാമൂടാമെന്ന് കരുതേണ്ട ! ഈ ആസൂത്രിത അട്ടിമറിയെ തുറന്നെതിർക്കാൻ ബി ജെ പി ശക്തമായ പ്രതിഷേധം തുടരും.

 തീ പിടിച്ചതോ പിടിപ്പിച്ചതോയെന്ന്  വ്യക്തമാകാൻ സമഗ്രമായ അന്വേഷണം വേണം. മടിയിൽ കനമില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത്തരം കുത്സിത പ്രവൃത്തികളിലൂടെ പൊതു സമൂഹത്തിന് മുന്നിൽ കൂടുതൽ പരിഹാസ്യനാകുകയാണ് പിണറായി എന്ന് പറയാതെ വയ്യ!!

Follow Us:
Download App:
  • android
  • ios