Asianet News MalayalamAsianet News Malayalam

കേന്ദ്രവിഹിതത്തിന് കാക്കാതെ കേരളം നേരിട്ട് വാക്സീൻ വാങ്ങണം; വാക്സിനേഷൻ കേന്ദ്രങ്ങളിൽ അരാജകത്വമെന്നും മുരളീധരൻ

വാക്സിനേഷൻ ഇങ്ങനെയല്ല നൽകേണ്ടത്. വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം  ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

v muraleedharan criticize kerala government on covid vaccination crisis
Author
Delhi, First Published Apr 21, 2021, 2:46 PM IST

ദില്ലി: കേരളത്തിലെ വാക്സീൻ പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴിചാരേണ്ടെന്ന് വി മുരളീധരൻ. കേന്ദ്രവിഹിതത്തിന് കാക്കാതെ കേരളം സ്വന്തം നിലയ്ക്ക് വാക്സീൻ വാങ്ങണം. സൗജന്യ വാക്സീൻ നല്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മരുന്ന് കമ്പനികളിൽ നിന്ന് ഇത് നേരിട്ടു വാങ്ങണം. പുതിയ നയം അനുസരിച്ച് പരാതി പറായാതെ മരുന്ന് നേരിട്ടു വാങ്ങി ജനങ്ങളുടെ പരിഭ്രാന്തി അകറ്റണം എന്നാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം. കേരളത്തിലെ കൊവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ അരാജകത്വമാണ്. വാക്സിനേഷൻ ഇങ്ങനെയല്ല നൽകേണ്ടത്. വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം  ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

50 ലക്ഷം ഡോസ് വാക്സിൻ ഇനിയും വേണം,2 ലക്ഷമേ കൈയിലുള്ളൂ എന്നാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറയുന്നത്. അടുത്ത നാല് ദിവസത്തിനുള്ളിൽ 6.5 ലക്ഷം ഡോസ് വാക്സീൻ കേന്ദ്രം സംസ്ഥാനത്തിന് നൽകും.  കൊവിഡ് സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. കാവൽ സർക്കാരാണെങ്കിൽ പോലും കേരളത്തിലെ നിയന്ത്രണത്തിൽ സർക്കാർ ഇടപെടണം. സർക്കാരിന് അവധിയെടുത്ത് മാറി നിൽക്കാനാവില്ല. വാക്സീൻ വിതരണം തുടങ്ങിയപ്പോൾ 76 ലക്ഷം പേരുണ്ടെന്നാണ് കേരളം അറിയിച്ചത്. 62 ലക്ഷം പേർ ഇന്നലെ വരെ എടുത്തു.

ആശുപത്രികളിലെ സൗകര്യങ്ങൾ ജില്ല തലത്തിൽ പരസ്യപ്പെടുത്തണം.  കേരളത്തിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ല. ആൻറിജൻ പരിശോധനയല്ല, ആർ ടി പി സി ആർ പരിശോധനയാണ് നടത്തേണ്ടത്. കേരളത്തിൽ രജിസ്റ്റർ ചെയ്തവർക്ക് വാക്സീൻ നൽകുക. അല്ലാത്തവരെ വാക്സീനെടുക്കാൻ പ്രേരിപ്പിക്കുക. രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സീൻ നൽകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാസ്ക് ധരിച്ചതുകൊണ്ട് മാത്രം രോഗനിയന്ത്രണമാകുന്നില്ല. മറ്റ് നിയന്ത്രണങ്ങൾ കൂടി കടുപ്പിക്കണം.

ജോൺ ബ്രിട്ടാസിനു രാജ്യസഭാ സീറ്റ് ലഭിച്ചതിൽ  അത്ഭുതമില്ല. ചെറിയാൻ  ഫിലിപ്പിനെ ബിജെപിയിലേക്കു സ്വാഗതം  ചെയ്യുന്നു.  സിപിഎം ചെറിയാൻ  ഫിലിപ്പിനോട് കാണിച്ചത് ക്രൂരതയാണ്. ടി പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയതിനേക്കാൾ വലിയ  ക്രൂരതയാണിത്.
ദീർഘകാലത്തെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് ഉടമയാണ് ചെറിയാൻ ഫിലിപ്. അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാ​ഗതമെന്നും വി മുരളീധരൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios