പൊലീസ് സ്ഥിരം നൽകാറുള്ള അകമ്പടി വാഹനം നൽകാത്തതാണ് മന്ത്രിയെ പ്രകോപിതനാക്കിയതെന്നാണ് വിവരം.

തിരുവനന്തപുരം: കേരള പൊലീസ് സുരക്ഷക്കായി നൽകിയ ഗണ്‍മാനെ വാഹനത്തിൽ നിന്നും ഇറക്കിവിട്ട് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും ചെറുവയ്ക്കലിലേക്ക് പോകുന്ന വഴിയാണ് ബേക്കറി ജംഗ്ഷനിൽ വച്ച് വാഹനത്തിൽ നിന്ന് ഗണ്‍മാനെ ഇറക്കി വിട്ടത്. പൊലീസ് സ്ഥിരം നൽകാറുള്ള അകമ്പടി വാഹനം നൽകാത്തതാണ് മന്ത്രിയെ പ്രകോപിതനാക്കിയതെന്നാണ് വിവരം.

എആർ.ക്യാമ്പിൽ നിന്നും കേന്ദ്രമന്ത്രിക്ക് ബിജു എന്ന ഗണ്‍മാനെ മാത്രമാണ് അനുവദിച്ചിരുന്നത്. രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോള്‍ മുതൽ ഗണ്‍മാൻ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഗണ്‍മാനെയും മന്ത്രി ഒഴിവാക്കുകയായിരുന്നു. മന്ത്രി ഗണ്‍മാനെ ഒഴിവാക്കിയ വിവരം മടങ്ങിയെത്തിയ ശേഷം എ.ആ‍.ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ ബിജു അറിയിച്ചു. വൈ കാറ്റഗറിയിലുള്ള കേന്ദ്രമന്ത്രിക്ക് പ്രത്യേക സുരക്ഷ പ്രശ്നങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് അകമ്പടി വാഹനം ഒഴിവാക്കിയതെന്നാണ് പൊലീസ് പറയുന്നത്.