Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയുടെ ഏറ്റുപറച്ചില്‍ കുറ്റസമ്മതം'; എസ്ഡി‍പിഐ വിമര്‍ശനത്തില്‍ വി മുരളീധരന്‍

ഈ നാട്ടിലെ സകലനീതിന്യായ സംവിധാനങ്ങളേയും സര്‍വ്വോപരി ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് എസ്ഡിപിഐ ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും അവര്‍ക്ക് വായ്ത്താരി പാടുകയാണ് ചെയ്തതെന്ന് മുരളീധരന്‍

v muraleedharan reaction about pinarayi vijayan reference on sdpi
Author
Thiruvananthapuram, First Published Feb 3, 2020, 11:04 PM IST

തിരുവനന്തപുരം: എസ്‍ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുണ്ടെന്നും അവര്‍ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റുപറച്ചില്‍ സ്വാഗതാര്‍ഹമെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ തരമുള്ളൂ. കാരണം ഈ നാട്ടിലെ സകലനീതിന്യായ സംവിധാനങ്ങളേയും സര്‍വ്വോപരി ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് എസ്ഡിപിഐ ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും അവര്‍ക്ക് വായ്ത്താരി പാടുകയാണ് ചെയ്തതെന്ന് മുരളീധരന്‍ ആരോപിച്ചു.

ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനും ഒഴിഞ്ഞുമാറാനാകില്ല. കാരണം, കാലാകാലങ്ങളില്‍ ഈ തീവ്രവാദപ്രസ്ഥാനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിന്റെ ലഹരിനുണഞ്ഞവരാണ് കോണ്‍ഗ്രസും സിപിഎമ്മുമെന്നും അദ്ദേഹം പറഞ്ഞു.

വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുണ്ടെന്നും അവര്‍ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റുപറച്ചില്‍ സ്വാഗതാര്‍ഹം തന്നെ. വൈകിയ വേളയിലെങ്കിലും മുഖ്യമന്ത്രി സത്യം തുറന്നുപറഞ്ഞല്ലോ. അതേസമയം, നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ തരമുള്ളൂ. കാരണം ഈ നാട്ടിലെ സകലനീതിന്യായ സംവിധാനങ്ങളേയും സര്‍വ്വോപരി ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് എസ്.ഡി.പി.ഐ. ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും അവര്‍ക്ക് വായ്ത്താരി പാടുകയാണ് ചെയ്തത്. നാല് വോട്ട് പ്രതീക്ഷിച്ച് മൗനം ഭജിച്ച മുഖ്യമന്ത്രി കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് കുറ്റസമ്മതം നടത്താന്‍ തയ്യാറായത്. കുറ്റം ഏറ്റുപറഞ്ഞാല്‍ മാത്രം ആരും വിശുദ്ധരാകില്ല. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടാകണ്ടേ ? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് നടപടി കൈക്കൊണ്ടു എന്ന് ജനങ്ങളോട് വ്യക്തമാക്കണം. ഇത്രയുംനാള്‍ തീവ്രവാദികള്‍ക്ക് വായ്ത്താരി പാടിയ തെറ്റിന് ജനങ്ങളോട് മാപ്പിരക്കണം.

എസ്.ഡി.പി.ഐ. മാത്രമല്ല ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മറ്റിതരസംഘടനകളും പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ചിലര്‍ തെരുവ് യുദ്ധം നടത്തുമ്പോള്‍ മറ്റുചിലര്‍ ബൗദ്ധികതീവ്രവാദത്തിലൂടെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ ഇളക്കിവിടുകയാണ്. ഇക്കൂട്ടരെ ജാമ്യമില്ലാവകുപ്പ് ചുമത്തി അകത്തിടേണ്ടത് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ കടമയാണ്. അത് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്ന് വ്യക്തമാക്കണം. ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ സമരങ്ങളുടെ മറവില്‍ നടത്തുന്ന അതിക്രമങ്ങളിലും മുഖ്യന്‍ നിലപാട് വ്യക്തമാക്കിയേ മതിയാകൂ. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനും ഒഴിഞ്ഞുമാറാനാകില്ല. കാരണം, കാലാകാലങ്ങളില്‍ ഈ തീവ്രവാദപ്രസ്ഥാനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിന്റെ ലഹരിനുണഞ്ഞവരാണ് കോണ്‍ഗ്രസും സി.പി.എമ്മും. ബഹുമാന്യനായ മുഖ്യമന്ത്രി, നിങ്ങള്‍ വേണമെന്ന് വിചാരിച്ചിരുന്നെങ്കില്‍ ഈ തീവ്രവാദികള്‍ ഇതിനോടകം തന്നെ കല്‍ത്തുറുങ്കില്‍ ആകുമായിരുന്നില്ലേ ? നിങ്ങള്‍ വേണമെന്ന് വിചാരിച്ചിരുന്നെങ്കില്‍ ഇവിടത്തെ തെരുവുകള്‍ യുദ്ധക്കളമാകുമായിരുന്നില്ലല്ലോ ? സംസ്ഥാനസര്‍ക്കാരിന് പറ്റിയ പിഴവുകള്‍ ആദ്യംമുതല്‍ ചൂണ്ടിക്കാട്ടിയ ഭാരതീയ ജനതാപാര്‍ട്ടിയെ നിങ്ങള്‍ അവഗണിച്ചത് തെറ്റായിപ്പോയെന്ന് ഇനിയെങ്കിലും തുറന്നുസമ്മതിച്ചുകൂടേ ?

Follow Us:
Download App:
  • android
  • ios