ദില്ലി: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയിൽ ചേര്‍ന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബംഗലൂരുവിലെ ജയനഗറിൽ നടന്ന ചടങ്ങിലേക്ക് തന്നെ കാണാനാണ് അഞ്ജു ബോബി ജോര്‍ജ്ജ് വന്നത്. വേദിയിൽ എത്തിയ എല്ലാവരെയും പതാക നൽകിയാണ് സ്വീകരിച്ചത്. അല്ലാതെ അഞ്ജു ബോബി ജോര്‍ജ്ജിന് ബിജെപി അംഗത്വം നൽകിയിട്ടില്ലെന്ന് വി മുരളീധരൻ വ്യക്തമാക്കി.

തന്നോട് സംസാരിക്കാനുള്ള സൗകര്യത്തിനാണ് അഞ്ജു ബോബി ജോര്‍ജ്ജ് വേദിയിൽ തന്നെ ഇരുന്നതെന്നും വി മുരളീധരൻ പറയുന്നു. വേദിയിലുള്ള എല്ലാവരെയും പതാക നല്കി സ്വീകരിച്ചതാണ് അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയിൽ ചേര്‍ന്നെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നിൽ. പാർട്ടിയിൽ ചേർന്നവർക്ക് രസീതും നല്കിയിരുന്നു എന്ന് വി മുരളീധരൻ പറയുന്നു. അഞ്ജു ബോബി ജോര്‍ജ്ജ് വന്നത് അക്കാദമിയെക്കുറിച്ച് സംസാരിക്കാനാണെന്നും വി മുരളീധരൻ പറഞ്ഞു. 

കേന്ദ്രമന്ത്രിയെ കാണാനാണ് ബംഗലൂരുവിലെ ബിജെപി വേദിയിൽ പോയതെന്നും കൊടി നൽകി സ്വീകരിച്ചതല്ലാതെ ബിജെപിയിൽ ചേര്‍ന്നു എന്ന പ്രചാരണം തെറ്റാണെന്നും അഞ്ജു ബോബി ജോര്‍ജ്ജും പറഞ്ഞിരുന്നു,

ബിജെപി കർണാടക എന്ന പേജും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയുമാണ് അഞ്ജു ബോബി ജോർജ് ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ വാർത്ത നല്‍കിയത്. ഇതോടെയാണ് സാമൂഹ്യമാധ്യമങ്ങളിലും ചിത്രം പ്രചരിച്ച് തുടങ്ങിയത്.