രാവിലെ 11.30 ഓടെയാണ് തലയോലപ്പറമ്പ് സ്വദേശി നിതിന മോളെ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ആക്രമിച്ചത്. അവസാന വർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. 

കോട്ടയം: കോട്ടയം പാലാ സെന്‍റ് തോമസ് കോളേജിൽ (st thomas college) സഹപാഠിയെ യുവാവ് കഴുത്തറുത്ത് (murder) കൊന്നകേസില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ (V N Vasavan). പ്രതിക്ക് ആരുടെയെങ്കിലും സഹായം കിട്ടിയോയെന്ന് അന്വേഷിക്കും. പോസ്റ്റുമോര്‍ട്ടം ക്യാമറയില്‍ ചിത്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

രാവിലെ 11.30 ഓടെയാണ് തലയോലപ്പറമ്പ് സ്വദേശി നിതിന മോളെ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ആക്രമിച്ചത്. 
അവസാന വർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. പരീക്ഷ 11 മണിയോടെ പൂർത്തിയാക്കി അഭിഷേക് പുറത്തിറങ്ങി. അരമണിക്കൂറിന് ശേഷം നിതിനയും പുറത്തെത്തി. തുടർന്ന് സംസാരിച്ചിരിക്കവേ ആണ് അഭിഷേക് കത്തികൊണ്ട് കഴുത്തിൽ വെട്ടിയത്. ആഴത്തിൽ പരിക്കേറ്റ നിതിന വീണു. സംഭവത്തിന് ശേഷം യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പ്രതി സംഭവസ്ഥലത്ത് തന്നെ തുടർന്നു. ഇതിനിടെ കോളേജ് അധികൃതരും സഹപാഠികളും ചേർന്ന് നിതിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 

പ്രണയനൈരാശ്യം മൂലമാണ് നിതിനയെ ആക്രമിച്ചത് എന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. തന്‍റെ കൈ അറുത്ത് നിതിനയെ ഭയപ്പെടുത്താൻ ആയിരുന്നു ശ്രമം. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നെന്നും പ്രതി മൊഴി നൽകി. പാലാ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്.