മൂവാറ്റുപുഴയിൽ മൂന്ന് പെൺകുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിന്‍റെ നിയന്ത്രണം ആര്‍ബിഐക്കെന്നും സഹകരണ മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കെ റെയില്‍ (K Rail) സര്‍വ്വേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ (V N Vasavan). വായ്പ നല്‍കിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ല. ഭൂമി ഏറ്റെടുത്താൽ ബാങ്കിനുളള ബാധ്യത കൂടി തീർത്ത ശേഷമായിരിക്കും നടപടികൾ. അതിനാൽ വായ്പ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. 

എറണാകുളത്ത് വിദ്യാർത്ഥികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അർബന്‍ ബാങ്കിന്‍റെ നടപടിയെ കുറിച്ച് കേരളബാങ്കിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. അർബന്‍ ബാങ്ക് റിസ‍ർവ് ബാങ്കിന് കീഴിലാണ്. താമസിക്കാൻ ഇടമില്ലാതെ ആരെയും ജപ്തിയിലൂടെ ഇറക്കിവിടാൻ പാടില്ലെന്നാണ് സർക്കാർ നയമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു,

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മൂവാറ്റുപുഴ അ‍ർബൻ ബാങ്ക് ജപ്തി നടത്തിയത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാൽ കുടുംബത്തിന്‍റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നായിരുന്നു മൂവാറ്റുപുഴ അ‍ർബൻ ബാങ്കിന്‍റെ വിശദീകരണം.