ഊരാളുങ്കൽ സൊസൈറ്റിയുടെ നിർമാണ നിലവാരത്തിൽ യുഡിഎഫ് നിലപാട് മാറ്റിയതിനെ മുൻ സഹകരണ മന്ത്രി വി എൻ വാസവൻ സ്വാഗതം ചെയ്തു. മുൻപ് വിമർശിച്ചവർ ഇപ്പോൾ ഊരാളുങ്കലിന്റെ മികവ് അംഗീകരിക്കുന്നത് സഹകരണ മേഖലയ്ക്ക് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യു ഡി എഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ മന്ത്രി വി എൻ വാസവൻ. ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് തങ്ങൾ മുൻപ് പറഞ്ഞപ്പോൾ, അന്ന് പ്രതിപക്ഷത്തിരുന്ന യു ഡി എഫ് അതിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്ന് അവർക്ക് തന്നെ മാറ്റിപ്പറയേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും, സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും വി എൻ വാസവൻ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ ഊരാളുങ്കലിനെതിരെ പരസ്യമായി വലിയ വിമർശനങ്ങൾ ഉന്നയിച്ചവർ തന്നെ, രഹസ്യമായി അവരെ പോയി കണ്ട് തങ്ങളുടെ മണ്ഡലങ്ങളിലെ വർക്കുകൾ ഏറ്റെടുക്കണമെന്ന് ഒളിവിൽ ആവശ്യപ്പെട്ടിരുന്നതായും വി എൻ വാസവൻ വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുടേണടിച്ച് യുഡിഎഫ്

പ്രതിപക്ഷത്തിരുന്ന സമയത്തെ ഊരാളുങ്കലിനെതിരായ നിലപാടുകളിൽ നിന്ന് യു ഡി എഫ് പൂർണ്ണമായും യു ടേൺ അടിച്ചിരിക്കുകയാണ്. ഊരാളുങ്കലിന് നിയമവിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള കരാറുകൾ നൽകിയതായോ കരാർ തുകയേക്കാൾ കൂടുതൽ പണം വഴിവിട്ട് നൽകിയതായോ വിവരമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ് ഈ ചർച്ചകൾ വീണ്ടും സജീവമായത്. ഊരാളുങ്കലിന്‍റേത് നിലവാരമുള്ള പ്രവര്‍ത്തികളെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങൾ ഒരേസമയം ഏറ്റെടുത്ത് നടത്തുന്നതിനാലുള്ള ജോലിഭാരം മാത്രമാണ് നിലവിൽ ഊരാളുങ്കൽ നേരിടുന്ന ഏക പ്രശ്നമെന്നും മന്ത്രി പി കെ ബഷീർ സഭയിൽ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിന്‍റെ അഴിമതിയുടെ മര്‍മ്മ സ്ഥാനവും പ്രഭവ കേന്ദ്രവും ഊരാളുങ്കലെന്നാരുന്നു പ്രതിപക്ഷത്തിരുന്നപ്പോള്‍ കോണ്‍ഗ്രസ് - യു ഡി എഫ് നേതാക്കളുടെ ആരോപണം.