മല്ലപ്പള്ളിയിൽ പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. അർജുൻ ആയങ്കിയെ കണ്ടെത്താൻ സിപിഎം പ്രവർത്തകരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ചായിരുന്നു ഉദയഭാനുവിൻ്റെ വിവാദ പ്രസംഗം.

പത്തനംതിട്ട: മല്ലപ്പള്ളിയിൽ പൊലീസിന് എതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന് എതിരെ കേസ്. 'പൊലീസുകാർക്കും അമ്മയും പെങ്ങന്മാരും ഉണ്ട്, ഞങ്ങളുടെ വീടുകളിൽ കയറിയാൽ ഞങ്ങളും തിരിച്ചു കയറും' എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഭീഷണി പ്രസംഗം. അർജുൻ ആയങ്കിയെ കണ്ടെത്താൻ മല്ലപ്പള്ളി, കാട്ടാമല മേഖലയിലെ വീടുകളിൽ നടത്തിയ പരിശോധനയ്ക്കെതിരെ ആയിരുന്നു പ്രതികരണം. സിപിഎം കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് കെ പി ഉദയഭാനു ഭീഷണി പ്രസംഗം നടത്തിയത്.പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

സിപിഎം ലോക്കൻ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വീട്ടിലാണ് പൊലീസ് രാത്രിയിൽ പരിശോധന നടത്തിയത്. സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിൻ്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് പരിശോധന നടന്നത്. തൊട്ടടുത്തുള്ള സിപിഎം പ്രവ‍ർത്തകരുടെ വീടുകളിലും പരിശോധന നടന്നു. പാടിമൺ ഭാഗത്ത് രാത്രി 12.15 മുതൽ ഒന്നര വരെയാണ് പരിശോധന നടന്നത്. കീഴ്‍വായ്പുർ, പെരുമ്പട്ടി, തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും അർജുൻ ആയങ്കിയെ പിടികൂടാനുള്ള പ്രത്യേക സ്ക്വാഡും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെൻ്റിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ പൊലീസ് അർജുൻ ആയങ്കിയെ പിടികൂടിയത്.

സാമൂഹിക മാധ്യമങ്ങളിലല്ലാതെ ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ പറഞ്ഞു. നിതിന്റെയും സമീപത്തെയും വീടുകളിൽ എട്ടു വണ്ടി പൊലീസ് ആണ് പരിശോധനയ്ക്ക് എത്തിയത്. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു.