തിരുവനന്തപുരം: സമര മുദ്രാവാക്യങ്ങള്‍ മാത്രമല്ല, വിപ്ലവ ഗാനങ്ങളും സിനിമാഗാനങ്ങളും വഴങ്ങും കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും മലയാളികളുടെ ജനപ്രിയ നേതാവുമായ വിഎസ് അച്യുതാനന്ദന്. ഇന്ന് 97ാം പിറന്നാള്‍ ആഘോഷിക്കുന്ന  വിഎസിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ വിഎസിന്റെ പാട്ട് എത്ര പേര്‍ കേട്ടിരിക്കും. 

ബലികുടീരങ്ങളെ എന്ന വിപ്ലവ ഗാനവും മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന സിനിമാഗാനവും പാടിയിട്ടുണ്ട് വിഎസ്. തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ നടന്ന ബടികുടീരങ്ങളെ എന്ന വിപ്ലവ ഗാനത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തിലാണ് വിഎസ് സമരവീര്യമുള്ള ആ ഗാനം തന്നെ പാടിയത്. 

പാട്ടിന്റെ ആഘോഷത്തില്‍ രണ്ട് വരി പാടാതിരിക്കാനായില്ല നേതാവിന്. മറ്റൊരു അവസരത്തിലും ഒരു പൊതുവേദിയില്‍ വിഎസ് പാട്ടുപാടി. എട്ടാമത് ജി ദേവരാജന്‍ ശക്തിഗാഥ പുരസ്‌കാരച്ചടങ്ങില്‍ വച്ചായിരുന്നു അത്. അന്ന് പുരസ്‌കാരം സ്വീകരിക്കാനെത്തിയ പി ജയചന്ദ്രനെ മുന്നിലിരുത്തി അദ്ദേഹത്തിന്റെ തന്നെ മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി എന്ന ഗാനം വിഎസ് പാടി. ദേവരാജന്‍ മാസ്റ്റര്‍, ജയചന്ദ്രന്‍ കൂട്ടുകെട്ടിന്റെ സംഭാവനകള്‍ എടുത്തുപറയുന്നതിനിടയിലായിരുന്നു ആ വരികള്‍ വിഎസ് മൂളിയത്.