വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിഎസിന്റെ മകൻ വി എ അരുൺകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ദേശാഭിമാനിയിലെ വാരാന്ത്യ പതിപ്പ് വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വി എസ് അച്യുതാനന്ദൻ്റെ കുടുംബം. വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിഎസിന്റെ മകൻ വി എ അരുൺകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, വിഎസിൻ്റെ ഓർമക്കുറിപ്പുകളുമായി ഒടുവിൽ ദേശാഭിമാനി വാരാന്തപതിപ്പ് പുറത്തിറങ്ങി. വിഎസിൻ്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകരൻ ഉൾപ്പടെയുള്ളവർ എഴുതിയ ഓർമകുറിപ്പുകളോടെയാണ് ‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന തലക്കെട്ടിലുള്ള കവർസ്റ്റോറി. അച്ചടിച്ച വാരാന്ത പതിപ്പ് ഇന്നലെ പുറത്തിറങ്ങാത്തത് വിവാദമായിരുന്നു. കള്ളൻ വിജയൻ എന്ന നാടകപ്രവർത്തകനെ പറ്റിയുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ തർക്കമാണ് കാരണമെന്നാണ് വിവരം. നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല.

എന്നാല്‍, ദേശാഭിമാനി ലേഖകൻ തന്നെ വന്ന് കണ്ടു എന്ന് ആവർത്തിച്ച് പറയുകയാണ് കള്ളന്‍ വിജയൻ. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല. ലേഖനം ദേശാഭിമാനി ഇഷ്ടമുള്ളപ്പോൾ ഇറക്കട്ടെയെന്നും വിജയൻ പറഞ്ഞു. വിജയനെകുറിച്ചുള്ള ലേഖനം ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം സ്വരാജ് ഇന്നലെ വിശദീകരിച്ചത്.

YouTube video player