ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാൻ കോൺഗ്രസിലുള്ളവർ തന്നെ ഉയർത്തുന്ന ആരോപണമാണിത്. 12 ശതമാനം പലിശ നൽകിയതാണ് സൊസൈറ്റി പൊളിയാൻ കാരണമെന്ന് ശാന്തിവിള രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകർക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്തം തനിക്കെന്ന് സൊസൈറ്റി പ്രസിഡന്റ് ശാന്തിവിള രാജേന്ദ്രൻ. മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ ബിനാമിയല്ല താൻ. ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാൻ കോൺഗ്രസിലുള്ളവർ തന്നെ ഉയർത്തുന്ന ആരോപണമാണിത്. 12 ശതമാനം പലിശ നൽകിയതാണ് സൊസൈറ്റി പൊളിയാൻ കാരണമെന്നും ഇഡി ഉൾപ്പെടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ശാന്തിവിള രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

താന്‍ വിളിച്ചിട്ടാണ് ശിവകുമാര്‍ സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് വന്നത്. അല്ലാതെ അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കും. പക്ഷെ സമയം വേണമെന്ന് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു.കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ നിക്ഷേപകര്‍ വന്ന് കാണുമ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നു. വക്കീലന്മാരെ വെച്ച് പൈസ തിരിച്ചു പിടിച്ച് നിക്ഷേപകര്‍ക്ക് കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 13 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് നിക്ഷേപകരുടെ ആരോപണം. പണം തിരിച്ച് തരണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ വി എസ് ശിവകുമാറിന്റെ വീട്ടിലെത്തി ഇന്നലെ പ്രതിഷേധിച്ചു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. 

'കഷ്ടപ്പെട്ടുണ്ടാക്കിയ കാശാ': പുല്ലാട് ബാങ്കിൽ നിക്ഷേപിച്ച വത്സല ഇന്ന് തകര ഷെഡില്‍, കിട്ടാനുള്ളത് 20 ലക്ഷം

ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപ്പെട്ടവർ ആരോപിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റ് തന്റെ ബിനാമി അല്ലെന്നും ആ സ്ഥാപനം ഉദ്ഘാടനം ചെയ്തുവെന്ന ബന്ധം മാത്രമേ തനിക്കുള്ളുവെന്നും വി എസ് ശിവകുമാര്‍ വിശദീകരിച്ചു. 

അതേസമയം പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെപിസിസി നേതൃത്വം. പണം നഷ്ടപ്പെട്ടവരെ കെപിസിസി നേതൃത്വം സമീപിച്ചു. രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. അതുവരെ പരാതിയുമായി സർക്കാരിനെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു. പണം ലഭിക്കുമെങ്കില്‍ രണ്ടു ദിവസം കാത്തിരിക്കാമെന്ന് നിക്ഷേപകര്‍ മറുപടി നല്‍കി.


YouTube video player