Asianet News MalayalamAsianet News Malayalam

കാര്‍ഷിക കടാശ്വാസം ഉയർത്തി: 2 ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി

രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കൃഷി വകുപ്പ് മന്ത്രി സുനിൽ കുമാർ. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത കടങ്ങളാണ് എഴുതിത്തള്ളുക.

v s sunil kumar says will write off famers loan
Author
Thiruvananthapuram, First Published Jul 3, 2019, 10:38 AM IST

തിരുവനന്തപുരം: കടക്കെണിയിലായ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസം. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയർത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സഹകരണ ബാങ്കുകളിലെ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

പ്രളയത്തിന് ശേഷം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലായി 15 കര്‍ഷകരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ കടാശ്വാസ പരിധി ഉയര്‍ത്തുമെന്ന് സുനില്‍ കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 

പ്രളയം ഏറെ നാശം വിതച്ച ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്കായിരിക്കും സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഗുണം കൂടുതൽ ലഭിക്കുക. ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് പരിധിയില്‍ കൊണ്ടുവന്നത്. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വാണിജ്യ ബാങ്കുകളുടെ വായ്പയും കടാശ്വാസ കമ്മീഷന്റെ കീഴില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുഭരണവകുപ്പിന്‍റെയും  കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്‌ടോബർ 10 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അറിയിച്ചു.

Follow Us:
Download App:
  • android
  • ios