കൊച്ചി: ചെല്ലാനം കടല്‍തീരത്ത്  ജിയോട്യൂബ് കടൽഭിത്തിയുടെ 40 ശതമാനം നിർമ്മാണം അടുത്ത മാസം 15 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ തൽക്കാലം ജിയോ ബാഗുകള് സ്ഥാപിക്കുമെന്ന് കൊച്ചിയിൽ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു

ചെല്ലാനം തീരം സംരക്ഷിക്കുന്നതിന് ഏഴ് കോടി രൂപ ചെലവില്‍ 2018ലാണ് ജിയോ ട്യൂബ് കടല്‍ഭിത്തി  നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ സമയബന്ധിതമായി നിർമ്മാണം പൂര്‍ത്തിയാക്കാത്തതിനെ  തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കി. ഗ്രീന്‍ വേ സൊല്യൂഷന്‍സ് എന്ന പുതിയ കമ്പനിക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. മഴക്കാലം തുടങ്ങാനിരിക്കേ, നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിക്കുകയായിരുന്നു. വേളാങ്കണ്ണി ,ബസാര്‍ മേഖലകളില്‍ അുടത്ത മാസം 15 ന് മുമ്പ് ജിയോ ട്യൂബ് നിര്‍മാണം  പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത് മൊത്തം നിർമ്മാണത്തിന്‍റെ 40 ശതമാനം വരും. 

ജില്ലാ കളക്ടര്‍ നിര്‍മാണ പുരോഗതി ദിവസവും വിലയിരുത്തും. ജലസേചന വകുപ്പ് മന്ത്രിയെയും കൂടി  ഉള്‍പ്പെടുത്തി അടുത്തയാഴ്ച ഉന്നതതലയോ​ഗം ചേരാനും തീരുമാനിച്ചു.