അദാലത്ത് ഉൾപ്പെടെയുള്ള പരിപാടികളിൽ ശശി തരൂർ എം പി പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനവുമായി ശിവൻകുട്ടി രംഗത്തെത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. അദാലത്ത് ഉൾപ്പെടെയുള്ള പരിപാടികളിൽ ശശി തരൂർ എം പി പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനവുമായി ശിവൻകുട്ടി രംഗത്തെത്തിയത്. എം പി ഫണ്ട് എവിടെ ചെലവാക്കുന്നു എന്നറിയില്ലെന്നും ഒന്നും ചെയ്തില്ലെങ്കിലും ജയിക്കുമെന്ന തോന്നലാണ് തരൂരിനെന്നും ശിവൻകുട്ടി പറഞ്ഞു. തലസ്ഥാനത്തെ മന്ത്രിമാരുടെ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. മന്ത്രിമാരായ ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരും സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

എസ് എസ് എൽ സി പരീക്ഷ ഫലം മെയ് 20നും ഹയർസെക്കണ്ടറി ഫലം മെയ് 25നും പ്രഖ്യാപിക്കും
അതേസമയം ഈ വര്‍ഷത്തെ എസ് എസ് എൽസി പരീക്ഷ ഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഹയർസെക്കണ്ടറി ഫലം മെയ് 25 നും എത്തും. 4,19,362 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ് ഈ വർഷം നടത്തിയത്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്.
