Asianet News MalayalamAsianet News Malayalam

അമ്മായിയപ്പൻ മുഖ്യമന്ത്രിയായത് കൊണ്ടല്ല റിയാസ് മന്ത്രിയായത്, സമര ചരിത്രവുമായി മുരളീധരന് ശിവൻകുട്ടിയുടെ മറുപടി

നാലാള് കേട്ടാൽ കൊള്ളാം എന്ന് പറയാവുന്ന എന്തെങ്കിലുമൊരു രാഷ്ട്രീയ ചരിത്രം വി മുരളീധരന് ഉണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു

V Sivankutty against V Muraleedharan criticism on Mohammad Riyas kerala development issue asd
Author
First Published Dec 16, 2023, 10:26 PM IST

തിരുവനന്തപുരം: അമ്മായിയപ്പൻ മുഖ്യമന്ത്രിയായതുകൊണ്ടാണ് മുഹമ്മദ് റിയാസ് മന്ത്രിയായതെന്ന പരാമർശത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. റിയാസിന്‍റെ സമര - സംഘടനാ ചരിത്രം വിവരിച്ചുകൊണ്ടാണ് ശിവൻകുട്ടിയുടെ മറുപടി. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ റിയാസ് ഇവിടെയുണ്ടെന്ന് ശിവൻകുട്ടി ചൂണ്ടികാട്ടി. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡന്‍റ് വരെയെത്തിയതും, സി പി എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം വരെ ആയതും, വിദ്യാർഥി കാലം മുതൽ സജീവരാഷ്ട്രീയപ്രവർത്തകനായി നിന്നുകൊണ്ടാണെന്നും ചൂണ്ടികാട്ടിയ ശിവൻകുട്ടി, രാജ്യത്തിന്‍റെ മതനിരപേക്ഷതയുടെ കാവലാളായി നിന്ന പാരമ്പര്യമാണ് റിയാസിനുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

'അമ്മായിയപ്പൻ-മരുമകൻ വികസനം കാരണം ജനത്തിന് റോഡിലിറങ്ങാൻ വയ്യ'; വികസനം മുടക്കി വിമർശനത്തിന് മുരളീധരൻ്റെ മറുപടി

ഇങ്ങനെ നാലാള് കേട്ടാൽ കൊള്ളാം എന്ന് പറയാവുന്ന എന്തെങ്കിലുമൊരു രാഷ്ട്രീയ ചരിത്രം വി മുരളീധരന് ഉണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പിലൂടെ മന്ത്രിയാകാനുള്ള യോഗ്യത നേടാൻ കഴിയാത്ത ആളാണ് മുരളീധരനെന്നും, മത്സരിപ്പിച്ചാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് കേന്ദ്രത്തിലിരിക്കുന്നവർക്കും നന്നായി അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. ഇങ്ങനെയൊരു കേന്ദ്രമന്ത്രി, എന്താണ് ഈ കേരളത്തിന് വേണ്ടി കേന്ദ്രത്തിലിരുന്ന് ചെയ്യുന്നതെന്ന റിയാസിന്‍റെ ചോദ്യം കേരളത്തിന് താങ്കളോട് ചോദിക്കാനുള്ള ചോദ്യമാണെന്നും പറഞ്ഞ ശിവൻകുട്ടി, ആ ചോദ്യത്തിന് ഉത്തരമുണ്ടോയെന്നും മുരളീധരനോട് ചോദിച്ചു.

ശിവൻകുട്ടിയുടെ കുറിപ്പ്

മുഹമ്മദ് റിയാസ് ചോദിച്ചത് കേരളത്തിന് താങ്കളോട് ചോദിക്കാനുള്ള ചോദ്യമാണ്.. ഉത്തരമുണ്ടോ?
കേരളത്തിൽ ജനിച്ചു വളർന്ന വി മുരളീധരൻ ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തിൽ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല എന്നാണ് ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞത്. അതിന് മുരളീധരൻ പറഞ്ഞ മറുപടി റിയാസിനെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ടായിരുന്നു. ആരാണ് റിയാസ് എന്ന് താങ്കൾക്കിനിയും മനസിലായിട്ടില്ലെന്ന് തോന്നുന്നു.
ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പിലൂടെ മന്ത്രിയാകാനുള്ള യോഗ്യത നേടാൻ കഴിയാത്ത ആളാണ് താങ്കൾ. താങ്കളെ മത്സരിപ്പിച്ചാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് കേന്ദ്രത്തിലിരിക്കുന്നവർക്കും നന്നായി അറിയാം. ആ മുരളീധരൻ, റെക്കോർഡ് ഭൂരിപക്ഷത്തിൽ ബേപ്പൂരിലെ ജനങ്ങൾ വിജയിപ്പിച്ച മുഹമ്മദ് റിയാസിനെ കുറിച്ചാണ് അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചത്. 
പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ റിയാസ് ഇവിടെയുണ്ട്. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെ, സി പി എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം വരെ അങ്ങനെ വിദ്യാർത്ഥികാലഘട്ടം മുതൽ സജീവരാഷ്ട്രീയപ്രവർത്തകനായി നിന്നുകൊണ്ട്  രാജ്യത്തിന്റെ  മതനിരപേക്ഷതയുടെ കാവലാളായി നിന്ന പാരമ്പര്യമാണ് റിയാസിനുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മുഹമ്മദ് റിയാസ് ദില്ലിയിലും മുംബൈയിലും അറസ്റ്റിലായിരുന്നു. ഹരിയാനയിൽ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ മുൻകൈയെടുത്തതും റിയാസാണ്‌‌. തമിഴ്നാട്ടിൽ ജാതിവെറിയന്മാർ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകി.
ഇങ്ങനെ നാലാള് കേട്ടാൽ കൊള്ളാം എന്ന് പറയാവുന്ന എന്തെങ്കിലുമൊരു രാഷ്ട്രീയ ചരിത്രം വി മുരളീധരന് ഉണ്ടോ?
റിയാസ് ചോദിച്ചത് കേരളത്തിന് താങ്കളോട് ചോദിക്കാനുള്ള ചോദ്യമാണ്.. എന്തിനാണ് ഇങ്ങനെയൊരു കേന്ദ്രമന്ത്രി.? താങ്കൾ എന്താണ് ഈ കേരളത്തിന് വേണ്ടി കേന്ദ്രത്തിലിരുന്ന് ചെയ്യുന്നത്.? അറിയാൻ ഞങ്ങൾക്ക് താൽപര്യമുണ്ട്. അതിനുള്ള ഉത്തരമാണ് കേരളം പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios