ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളിലൊന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസ മറുപടി
തിരുവനന്തപുരം: കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ കുറിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളിലൊന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസ മറുപടി.
ഇന്ന് പുലർച്ചെ 4:30ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ജയിലിലെ അതീവ സുരക്ഷ മറികടന്ന് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. വർക്ക്ഷോപ്പിൽ നിന്നും എടുത്ത മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഒന്നര മാസം എടുത്താണ് ജയിലഴി മുറിച്ചത്. ഇതിന്റെ പാടുകൾ പിന്നീട് തുണികൊണ്ട് കെട്ടി മറക്കുകയായിരുന്നു. മതിൽ ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റർ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യൻ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതർ അറിഞ്ഞത് മണിക്കൂറുകൾ വൈകിയാണ്. ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്തിട്ടുണ്ട്.


