അധ്യാപകരുടെ മൂല്യനിര്‍ണ്ണയ ബഹിഷ്കരണം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. മുൻകൂട്ടി അറിയിക്കാതെയാണ് അധ്യാപകർ പ്രതിഷേധം നടത്തിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി (V Sivankutty). പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിഷയത്തില്‍ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിച്ചത് മുന്‍ കൂട്ടി അറിയിക്കാതെയാണ്. പ്രതിഷേധം നടത്തും മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ വീഴ്ചയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അധ്യാപകരുടെ നടപടിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്കെതിരെ നടപടി വേണോ എന്ന കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

7077 സ്കൂളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂൺ ഒന്നിന് സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യും. സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക മാന്വൽ ഇത്തവണ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നോൺ അക്കാദമിക്ക് കാര്യങ്ങൾക്കായാണിത്. എല്ലാ സ്കൂളുകളിലും പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കാനുള്ള നിർദേശം ഈ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.