അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്നുവീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി (V Sivankutty). സംഭവത്തിന്‍റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ജീപ്പിൽ നിന്ന് ചാടിയ പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനോഫർ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സനോഫർ പൊലീസ് ജീപ്പിൽ നിന്നും വീണത്.
മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തതിനാണ് സനോഫറിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് പൂന്തുറ പൊലീസ് പറയുന്നത്. പ്രശ്നം പറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ സനോഫർ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിച്ചുവെന്നും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ വീട്ടിലെത്തിച്ചുവെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഒരു ദിവസം സനോഫറിനെ സ്റ്റേഷനില്‍ നിര്‍ത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതെന്നും ഈ സമയമാണ് ജീപ്പില്‍ നിന്നും ചാടിയത് എന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ പൊലീസ് മര്‍ദ്ദനം കൊണ്ടാണ് ജീപ്പില്‍ നിന്ന് ചാടിയതെന്ന് ഭാര്യ തസ്ലിമ ആരോപിച്ചു.
- പീഡന പരാതിയുമായി വനിതാ ഡോക്ടര്‍; മലയിൻകീഴ് എസ്എച്ച്ഒ സൈജുവിനെതിരെ ബലാൽസംഗത്തിന് കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്കെതിരെ (malayinkeezhu station house officer) ബലാൽസംഗത്തിന് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് എ വി സൈജുവിന് എതിരെ കേസ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്‍റ് കൂടിയാണ് പ്രതിയായ സൈജു. ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെടുന്നത്. പരാതിക്കാരി തന്‍റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.
പിന്നീട് 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടംവാങ്ങി. വിവാഹം വാദഗ്നം നൽകുകയും ചെയ്തു. സൈജുവുമായുള്ള ബന്ധത്തിന് പിന്നാലെ യുവതിയുടെ വിവാഹബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ തന്നെ സൈജു കബളിപ്പിച്ചുവെന്ന് യുവതി പറയുന്നു.
കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സിഐയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റൂറൽഎസ്പിക്ക് ആദ്യം പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. പൊലീസ് നിസ്സഹകരണം പുറത്തായതോടെ ഇന്നലെ രാത്രി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറും. സൈജു ഇപ്പോള്‍ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
