തിരുവനന്തപുരം: സി ഒ ടി നസീര്‍ വധശ്രമ കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന കാറില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ സി പി എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് വിവാദമാകുന്നു. കേരള പൊലീസ് നാടൊട്ടുക്കും തിരയുന്ന കാറില്‍ യുവ എംഎല്‍എ എങ്ങനെയാണ് സ്വൈര്യ വിഹാരം നടത്തുന്നതെന്ന ചോദ്യവുമായി വി ടി ബല്‍റാം എം എല്‍എ രംഗത്തെത്തി. 

ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതല്ല കേരളം ചർച്ചചെയ്യേണ്ടതെന്ന് ചൂണ്ടികാട്ടിയ ബല്‍റാം, ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പൊലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പൊലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് ചര്‍ച്ചയാകേണ്ടതെന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ബല്‍റാമിന്‍റെ കുറിപ്പ്

ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയിൽ തോറ്റമ്പിയ ചെന്താരകത്തിന് പാർട്ടി ഖജനാവിൽ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,

ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പൊലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പൊലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്.

 

തലശ്ശേരി എംഎല്‍എ ഷംസീറിന്‍റെ സഹോദരന്‍റെ പേരിലുള്ള ഇന്നോവ കാറാണ് നസീര്‍ വധശ്രമക്കേസില്‍ പൊലീസ് തിരയുന്നത്. ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഈ കാറിലാണ് ഷംസീർ  എത്തിയത്.  എംഎൽഎയുടെ സഹായിയും തലശേരി എരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന എൻ കെ രാഗേഷ് മറ്റൊരു പ്രതിയായ പൊട്ടിയൻ സന്തോഷിനെ വിളിച്ച് ഗൂഢാലോചന നടത്തിയത് കെ.എൽ 7 സിഡി 6887 എന്ന ഇന്നോവ കാറിൽ വെച്ചാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. കാറിൽ വെച്ചാണ് കൊട്ടേഷൻ ഏൽപ്പിച്ചത്.

ഷംസീർ എംഎൽഎയുടെ സഹോദരൻ ഷാഹിറിന്റെ പേരിലാണ് ഈ കാർ. വാഹനം തിരയുകയാണെന്ന് പൊലീസ് പറയുമ്പോഴാണ് ഈ കാറിൽ ഇന്ന് ജില്ലാക്കമ്മിറ്റി യോഗത്തിന് ഷംസീർ എത്തിയത്.  മുൻപ് എംഎൽഎ ബോർഡ് വെച്ച് ഓടിയിരുന്ന വണ്ടിയിൽ നിന്ന് ഇപ്പോൾ ഈ ബോർഡ് എടുത്തു മാറ്റിയിട്ടുണ്ട്.  കേസിൽ എംഎൽഎയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും ഇതും ഇതുവരെ നടന്നിട്ടില്ല.

"