സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ബിജെപിയുടെ സവിശേഷതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി വി ടി ബല്‍റാം. അഞ്ച് സവിശേഷതകള്‍ അക്കമിട്ട് നിരത്തിയാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ആറാമതൊരു പ്രത്യേകത കണ്ടെത്തുന്നവര്‍ക്ക് അഡീഷണല്‍ മാര്‍ക്ക് നല്‍കുമെന്നും വി ടി ബല്‍റാം പരിഹസിക്കുന്നു. 

ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂർ അടക്കമുള്ള നിരവധി കൊടും വർഗീയ വാദികളെ പാർലമെന്റംഗങ്ങളാക്കുന്ന പാർട്ടി, ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാർട്ടി എന്നിങ്ങനെ പോവുന്നു ബല്‍റാമിന്‍റെ ഉത്തരം

വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


ഭാരതീയ ജനതാ പാർട്ടിയുടെ അഞ്ച് സവിശേഷതകൾ പറയുക (സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പർ. 5 മാർക്ക്)

എന്റെ ഉത്തരം:
1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവർക്കർ സൃഷ്ടിച്ച "ഹിന്ദുത്വം" എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാർട്ടി.
2) നേരിട്ടും അനുബന്ധ സംഘടനകൾ വഴിയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങളിൽ പങ്കെടുത്ത, അതിന്റെ പേരിൽ നിരവധി തവണ നിരോധിക്കപ്പെട്ട, ആർഎസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം.
3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി. വൻകിട കോർപ്പറേറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന സ്വീകരിക്കുന്ന പാർട്ടി.
4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂർ അടക്കമുള്ള നിരവധി കൊടും വർഗീയ വാദികളെ പാർലമെന്റംഗങ്ങളാക്കുന്ന പാർട്ടി.
5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാർട്ടി.
6).......... (നിങ്ങൾക്ക് പൂരിപ്പിക്കാം. അഡീഷണൽ മാർക്ക് കിട്ടും)

NB: കോപ്പിയടി അനുവദനീയമാണ്

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ബിജെപിയെക്കുറിച്ചുണ്ടായിരുന്ന ചോദ്യം വിവാദമായിരുന്നു. സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് മാര്‍ക്കിന്‍റേതായിരുന്നു ചോദ്യം. സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ മൂന്ന് സെറ്റ് ചോദ്യങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ടാമത്തെ സെറ്റിലാണ് ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെയും കോൺഗ്രസിന്റേയും സവിശേഷതകളും രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന വെല്ലുവിളികളും വ്യക്തമാക്കാൻ ആവശ്യപ്പെടുന്ന ചോദ്യവുമുണ്ടായിരുന്നു.