പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രാഥമിക പരിശോധനകൾ നടക്കുകയാണ്.
കോഴിക്കോട്: കോഴിക്കോട് (Calicut) വടകര താലൂക്ക് ഓഫീസിലുണ്ടായ (Vadakara Taluk Office) തീപിടിത്തം സംബന്ധിച്ച് അന്വേഷണ ചുമതല വടകര ഡിവൈഎസ്‍പിക്ക്. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുമെന്ന് റൂറല്‍ എസ്‍പി അറിയിച്ചു. ഉച്ചയ്ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരും. പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയെന്നും മന്ത്രി പ്രതികരിച്ചു.
Read Also : Vadakara Taluk Office Fire : കെട്ടിടം കത്തിനശിച്ചു, ഫയലുകൾ നഷ്ടമായി; അട്ടിമറി സാധ്യത തള്ളുന്നില്ല, അന്വേഷണം
സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. രാവിലെ ആറ് മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാർ പറയുന്നു.
2019 ന് മുമ്പുള്ള ഫയലുകളാണ് കത്തിയത്. സമാന്തര സംവിധാനം ഒരുക്കാൻ റവന്യു അധികൃതർക്ക് നിർദ്ദേശം നൽകി. പുരാവസ്തു വകുപ്പിൻ്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎൽഎ കെ കെ രമയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലാൻറ് അക്വിസിഷൻ ഓഫീസിൽ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിൻ്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കെ കെ രമ പറഞ്ഞു.
തീ ശ്രദ്ധയിൽപ്പെട്ട് മൂന്നര മണിക്കൂർ കഴിഞ്ഞിട്ടും പൂർണ്ണമായി അണയ്ക്കാൻ ഫയർ ഫോഴ്സിന് കഴിഞ്ഞില്ല. കുറ്റ്യാടി, നാദാപുരം എംഎൽഎമാരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടായിരുന്നു. അതിനിടെ, നാദാപുരം എം എൽ എ ഇ കെ വിജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് പൊകുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ വടകരയിൽ യോഗം ചേരുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം എല്ലാം പരിശോധിക്കുമെന്ന് റൂറൽ എസ്പി അറിയിച്ചു. വടകര ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല.
