മണ്ഡലത്തിൽ ഷാഫി പറമ്പിലിനെതിരെ രണ്ട് അപരന്മാരും വിമതനും നാമനിര്‍ദ്ദേശ പത്രിക നൽകി
കോഴിക്കോട്: വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാർത്ഥിയും രംഗത്ത്. കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹി അബ്ദുൾ റഹീം ഹാജിയാണ് വടകരയിൽ മത്സരിക്കാൻ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു റഹീം ഹാജി. നേരത്തെ രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിലും റഹീം ഹാജി മുൻപ് പങ്കെടുത്തിരുന്നു. എന്നാൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം അബ്ദുൾ റഹീം ഹാജിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
ഓരോ ആവശ്യത്തിന് വേണ്ടി പാര്‍ട്ടി നേതൃത്വം പ്രാദേശിക നേതാക്കളെ ഉപയോഗിക്കുമെന്നും ഉപയോഗ ശേഷം വലിച്ചെറിയുന്നതാണ് രീതിയെന്നും കോൺഗ്രസിനെതിരായ വിമര്‍ശനത്തിൽ ഉന്നയിക്കുന്നത്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു അബ്ദുൾ റഹീം ഹാജിയെന്നാണ് വിവരം. എന്നാൽ കോൺഗ്രസ് നേതൃത്വം ഇദ്ദേഹം എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മാത്രമായിരുന്നുവെന്നും പറയുന്നു.
പ്രവാസിയായി ദീര്‍ഘകാലം വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം നാട്ടിൽ മടങ്ങിയെത്തിയ ശേഷം കോൺഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി പൊതു പ്രവര്‍ത്തന രംഗത്ത് ഇറങ്ങിയതാണ്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി പുറത്താക്കിയെങ്കിലും കോൺഗ്രസുകാരൻ തന്നെയായിരുന്നു താനെന്നുമെന്നും വ്യക്തിബന്ധത്തിന്റെ മുകളിൽ തനിക്ക് വോട്ട് ലഭിക്കുമെന്നും അബ്ദുൾ റഹീം ഹാജി പറയുന്നു.
വടകരയിൽ ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികൾ പത്രിക നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പുറത്താക്കിയ നേതാവും പത്രിക നൽകിയത്. മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയ്ക്ക് എതിരെയും അപരന്മാരുടെ വെല്ലുവിളിയുണ്ട്. ഇവിടെ ശൈലജയ്ക്ക് എതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ എൽഡിഎഫിന് വിമത ഭീഷണിയില്ല.
