Asianet News MalayalamAsianet News Malayalam

കസ്റ്റഡിയിലിരിക്കെ മരിച്ച സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന്, പൊലീസുകാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്

സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണതിന് വടകര പോലീസ് എടുത്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.

vadakara sajeevan police custody death inquiry and will get postmortem report today
Author
Kozhikode, First Published Jul 23, 2022, 6:23 AM IST

കോഴിക്കോട് : വടകരയിൽ പൊലീസ് മർദനമേറ്റ് മരിച്ചെന്ന് പരാതി ഉയർന്ന സജീവന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണതിന് വടകര പോലീസ് എടുത്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.

സസ്പെൻഷനിലായ വടകര എസ്.ഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് സജീവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം വീഴച്ച സംഭവിച്ചുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിൽ കൂടുതൽ അന്വേഷണമുണ്ടാകും. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ, എഎസ്ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുനൽകിയ സജീവന്റെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു. വടകര കല്ലേരിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

സജീവന് പൊലീസ് സ്റ്റേഷനിൽ സംഭവിച്ചത്...

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ്  കയ്യേറ്റം ചെയ്യുകയായിരുന്നെന്ന്  സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റതിനു പിന്നാലെ തനിക്ക് ന‍െഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിനു സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം, ക്രൈംബ്രാഞ്ച് അന്വേഷിക്കും, ആ‍‌ർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്‍മോർട്ടം

42കാരനായ സജീവന്‍ മരംവെട്ട് തൊഴിലാളിയാണ്. സംഭവം വിവാദമായതോടെ ഉത്തരമേഖല ഐടി ടി വിക്രത്തിന്‍റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. തുടര്ന്നാണ് എസ്ഐ നിജേഷ്, എഎസ്ഐ അരുണ്‍ , സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. കസ്റ്റഡി മരണമെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്‍റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്. 

Follow Us:
Download App:
  • android
  • ios