ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്

പാലക്കാട്: വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോജോ പത്രോസിനെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചത് പൊലീസായിരുന്നെന്ന് ആശുപത്രിയിലെ ഡോക്ടർ. പരിക്കേറ്റ ഇയാളെ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ഡ്രൈവറാണെന്ന കാര്യം പറഞ്ഞില്ല. ഇയാളെ ഇറക്കിയ ശേഷം പൊലീസ് തിരിച്ച് പോയി. പൊലീസ് പിന്നീട് ഡ്രൈവറെ അന്വേഷിച്ചെത്തുന്നത് രാവിലെ 8.45 നായിരുന്നെന്നും അപ്പോഴാണ് രാത്രി കൊണ്ടുവന്നത് ഡ്രൈവറെയാണെന്ന് പൊലീസ് പറഞ്ഞത്. എന്നാൽ ഇതിനോടകം ഇയാൾ ആശുപത്രിയിൽ നിന്ന് പോയിരുന്നുവെന്നും ഇകെ നായനാർ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.

ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്. മുന്നിൽ പോയിരുന്ന കെ എസ് ആർ ടി സി ബസ് വേഗം കുറച്ചതോടെ പിന്നാലെ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിയ്ക്കുകയായിരുന്നു. ട്രാൻസ് പോർട് കമ്മീഷണർ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും.

റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ദേശീയ പാതയിലൂടെ അതിവേഗതയിലാണ് പാ‍ഞ്ഞുപോയത്. 97 കിലോമീറ്ററലധികമായിരുന്നു അപകടത്തിന് തൊട്ടുമുൻപുളള വേഗം. ടൂറിസ്റ്റ് ബസിന് മുന്നിലായി ഒരു കെ എസ് ആർ ടിസി ബസുണ്ടായിരുന്നു. അപകടസ്ഥലത്തിന് തൊട്ടുമുന്പ് കെ എസ് ആർ ടി സി ബസ് വേഗം കുറച്ചു. അതിവേഗത്തിൽ പാഞ്ഞടുത്ത ടൂറിസ്റ്റ് ബസ് നിയന്ത്രിക്കാൻ ഡ്രൈവർ ജോജോ പത്രോസിനായില്ല. കെ എസ് അർ ടി സി ബസിന് നേരെ പിന്നിൽ പോയി ഇടിക്കാതിരിക്കാൻ ടൂറിസ്റ്റ് ബസ് വെട്ടിച്ചു. എന്നാൽ ഇത് പൂർണമായി വിജയിച്ചില്ല. പിന്നിൽ വലതുഭാഗം തകർത്ത യ ടൂറിസ്റ്റു ബസ് കെ എസ് ആർ ടി സി ബസിനേയും മറികടന്ന് മുന്നോട്ടുപോയി ഇടത്തേക്ക് മറിഞ്ഞു. ബസിന്‍റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും തന്നെയാണ് അപകടത്തിന് ഇടയാക്കിയത്. നിയന്ത്രിത വേഗവും മുന്നിലെ വാഹനവുമായി നിശ്ചിത അകലവും പാലിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ബസിലെ സ്പീഡ് ഗവർണർ പ്രവർത്തന രഹിതമായിരുന്നു. ഇത് മനപൂ‍ർവം ചെയ്തതാണെന്ന് കരുതേണ്ടിയിരിക്കുന്നെന്നും റിപ്പോ‍ർട്ടിലുണ്ട്.