Asianet News MalayalamAsianet News Malayalam

വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവർ പിടിയിൽ, കസ്റ്റഡിയിലെടുത്തത് അഭിഭാഷകനെ കാണാന്‍ പോകുന്നതിനിടെ

അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ.

vadakkencherry accident tourist bus driver in police custody
Author
First Published Oct 6, 2022, 4:31 PM IST

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവർ പിടിയിൽ. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോന്‍ പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ.

പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 

Also Read: അപകടത്തിന് തൊട്ടുമുമ്പും വീട്ടിലേക്ക് വിളിച്ച് ദിയ; ഏകമകളെ നഷ്ടപ്പെട്ട് മാതാപിതാക്കൾ, നെഞ്ചു തകര്‍ന്ന് നാട്

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios