ഇപി ജയരാജൻ്റെ സഹോദരിയുടെ മകൻ ശ്യാംജിത്തിൻ്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാദത്തിൽ ഉറച്ച് വൈദേകം മാനേജ്മെൻ്റ്. വ്യാജ ഒപ്പിട്ട് പണം തട്ടിയതിൻ്റെ തെളിവായി വൗച്ചറുകൾ പുറത്തുവിട്ടു. ദീപയെ നിയമവിരുദ്ധമായാണ് പുറത്താക്കിയതെന്ന ശ്യാംജിത്തിൻ്റെ ആരോപണത്തിന് പിന്നാലെയാണ് മാനേജ്മെൻ്റിൻ്റെ പുതിയ വെളിപ്പെടുത്തൽ.

കണ്ണൂർ: സിപിഎം നേതാവ് ഇപി ജയരാജൻ്റെ സഹോദരിയുടെ മകൻ ശ്യാംജിത്തിനെതിരെ വീണ്ടും വൈദേകം മാനേജ്മെൻ്റ്. ശ്യാംജിത്തിൻ്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന ശ്യാംജിത്തിൻ്റെ വാദം തെറ്റെന്ന് വൈദേകം ആവർത്തിക്കുന്നു. ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയത് 5 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയതിനാണെന്നാണ് വാദം. പലരുടേയും പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നും വൈദേകം മാനേജ്മെൻ്റ് പറയുന്നു. ഇതിൻ്റെ തെളിവായി വൗച്ചറുകൾ പുറത്തുവിട്ടു. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിൻ്റെ പിആർഒ എന്ന പേരിൽ വിസിറ്റിംഗ് കാർഡ് അടിച്ചുവെന്നും ഇതിനെതിരെ ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎം-ൽ പരാതി നൽകിയിട്ടുണ്ടെന്നും വൈദേകം മാനേജ്മെൻ്റ് വ്യക്തമാക്കി.

ഭാര്യ ദീപയെ വൈദേകം മാനേജ്മെൻ്റ് നിയമം പാലിക്കാതെയാണ് പുറത്താക്കിയതെന്നായിരുന്നു ഇപി ശ്യാംജിത്ത് ഇന്നലെ പറഞ്ഞത്. തൻ്റെ ഭാഗം വിശദീകരിക്കാൻ ദീപയ്ക്ക് അവസരം കൊടുത്തില്ലെന്ന് വിശദീകരിച്ചാണ് ഇന്നലെ ഇദ്ദേഹം ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചത്. തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സ്ഥാപനത്തിന്റെ അധികാരം നിയമത്തിന് അതീതമല്ല. തൊഴിലാളി ദുർബലനാണെന്ന് കരുതി അവന്റെ അവകാശങ്ങൾ നിഷേധിക്കരുത്. ടി.കെ ദീപയ്ക്ക് നേരിട്ടത് നീതി നിഷേധമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. ദീപയെ പുറത്താക്കിയത് 5 ലക്ഷം തിരിമറി നടത്തിയതിനെന്ന് വൈദേകം മാനേജ്മെൻ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ശ്യാംജിത്ത് രംഗത്ത് വന്നത്. ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണത്തിൽ നേരത്തെ ഇപി ശ്യാംജിത്ത് മലക്കം മറിഞ്ഞിരുന്നു.