ഇപിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ എംഡി രമേഷ് കുമാറെന്ന് സംശയമുണ്ടെന്നും വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്
കണ്ണൂര്‍: വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി സ്ഥാപനത്തിന്‍റെ സിഇഒ തോമസ് ജോസഫ് രംഗത്ത്. ഇപിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്‍റെ ഒരു പങ്കാണ് വൈദേകം ആയുര്‍വ്വേദ വില്ലേജില്‍ നിക്ഷപിച്ചത്. അതില്‍ എന്താണ് തെറ്റ്. സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതുപോലയല്ലല്ലോ ഇത്. നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. അതൊന്നും കോടികളല്ല. അത് പ്രചാരണം മാത്രമാണ്. ഇപിയുടെ മകനും ഭാര്യയും ഡയറകടര്‍ ബോര്‍ഡിലുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്താണ്. അവരുടെ താപര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്. അല്ലാതെ അവരുടെ ഓഹരി പങ്കാളിത്തം വലുതായത് കൊണ്ടല്ല. ഇപിയുടെ മകന്‍റെ ഷെയര്‍ ഒന്നരശതമാനമേ വരുന്നുള്ളൂ. ഇപിയുടെ മകന്‍ സ്ഥാപനത്തിന്‍റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്. 2014ലാണ് മകന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ടത്. അന്ന് ഇപി ജയരാജന്‍ മന്ത്രിയോ മുന്നണി കണ്‍വീനറോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി,

നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.മുന്‍ എംഡി രമേഷ് കുമാറിന് ഇതില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്.തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. അതിനു ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും തോമസ് ജോസഫ് പറഞ്ഞു

