Asianet News MalayalamAsianet News Malayalam

'കൊറോണ ബാധയുള്ളവര്‍ നാളെ പൊങ്കാല സ്ഥലത്തുണ്ടാവില്ലെന്ന് ഉറപ്പാണോ? എടുക്കുന്നത് വലിയ റിസ്ക്': വൈശാഖന്‍ തമ്പി

സ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്നം ആഗ്രഹിക്കില്ല. അതിനാല്‍ വേണ്ടായെന്ന് മന്ത്രി പറയില്ല. എന്തായാലും ചില്ലറ റിസ്ക്കൊന്നുമല്ല തലയിലെടുത്ത് വെയ്ക്കുന്നതെന്നറിയുക. ഇതെഴുതുമ്പോൾ 3661 പേർ കൊറോണ കാരണം മരണപ്പെട്ടിട്ടുണ്ട്. ഒരു ദൈവവും അതിൽ ഇടപെട്ടതുമില്ലെന്ന് വൈശാഖന്‍ തമ്പി

Vaisakhan Thampi criticize decision to conduct Attukal Ponkala even after confirming coronavirus in state
Author
Thiruvananthapuram, First Published Mar 8, 2020, 10:08 PM IST

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടും നിരവധി ആളുകള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനെ രൂക്ഷമായി എതിര്‍ത്ത് എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി.  വൈറസ് ബാധിച്ച ഒരാളിൽ നിന്ന് രണ്ടുപേർക്ക് രോഗം പകരുന്നു എന്ന് കരുതുക. അതിലോരോരുത്തരും രണ്ട് പേർക്ക് എന്ന തോതിൽ പകർച്ച സംഭവിച്ചാൽ, ഇരുപത്താറാമത്തെ ഘട്ടം പകർച്ച കഴിയുമ്പോൾ രോഗികളുടെ എണ്ണം ഏഴ് കോടിയുടെ അടുത്തെത്തും! 

കേരള ജനസംഖ്യയുടെ ഇരട്ടിയാണത്. ഒരുതരം ചെയിൻ റിയാക്ഷനാണവിടെ സംഭവിക്കുന്നത്. വൈറസ് ബാധിച്ച ഓരോ വ്യക്തിയും പൊതുജനാരോഗ്യത്തിന്റെ കണ്ണിൽ അപകടകാരിയാകുന്നത് ഇക്കാരണം കൊണ്ടാണ്. രോഗബാധയുള്ളവര്‍ നാളെ പൊങ്കാലസ്ഥലത്ത് ഉണ്ടാകില്ല എന്നുറപ്പുള്ളവരാണോ കലവുമായി അവിടെ തള്ളിക്കയറുന്നത് എന്നറിയില്ല. 

സ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്നം ആഗ്രഹിക്കില്ല. അതിനാല്‍ വേണ്ടായെന്ന് മന്ത്രി പറയില്ല. എന്തായാലും ചില്ലറ റിസ്ക്കൊന്നുമല്ല തലയിലെടുത്ത് വെയ്ക്കുന്നതെന്നറിയുക. ഇതെഴുതുമ്പോൾ 3661 പേർ കൊറോണ കാരണം മരണപ്പെട്ടിട്ടുണ്ട്. ഒരു ദൈവവും അതിൽ ഇടപെട്ടതുമില്ലെന്ന് വൈശാഖന്‍ തമ്പി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. 

വൈശാഖന്‍ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പഴയൊരു കഥയുണ്ട്: ചതുരംഗം കണ്ടുപിടിച്ച ആൾ രാജാവിനെ അത് കാണിച്ചു. ഇത്രയും നല്ല കളി കണ്ടുപിടിച്ചതിന് എന്ത് പ്രതിഫലം വേണമെന്ന് രാജാവ് ചോദിച്ചു. ചതുരംഗത്തിന്റെ ആദ്യ കള്ളിയിൽ ഒരു നെൽമണി, രണ്ടാമത്തെ കള്ളിയിൽ രണ്ട്, മൂന്നാമത്തേതിൽ നാല്, എന്നിങ്ങനെ 64 കള്ളികളിലും വെയ്ക്കാൻ പോന്നത്ര നെൽമണി മതിയെന്ന് അയാൾ പറഞ്ഞുവത്രേ. അത്ര നിസ്സാരമായ സമ്മാനത്തിന് പകരം സ്വർണമോ ഭൂമിയോ പോലെ കാര്യമായതെന്തെങ്കിലും ചോദിക്കാൻ രാജാവ് നിർബന്ധിച്ചെങ്കിലും അദ്ദേഹത്തിന് നെല്ല് മതിയായിരുന്നു. പക്ഷേ സമ്മാനം കൊടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് കാര്യമടുത്തപ്പോഴാണ് കുരുക്ക് മനസിലായത്. 1, 2, 4, 8,... എന്നിങ്ങനെ പോയാൽ അറുപത്തിനാലാമത്തെ സംഖ്യയിൽ പത്തൊൻപത് അക്കങ്ങളുണ്ടാകും. ആ രാജ്യത്തെ മൊത്തം നെല്ലുമെടുത്താലും അത്രയും വരില്ല!

വൈറസ് പകർച്ചയെക്കുറിച്ച് പറയുമ്പോൾ ഈ കഥ കൂടി ഓർക്കണം. വൈറസ് ബാധിച്ച ഒരാളിൽ നിന്ന് രണ്ടുപേർക്ക് രോഗം പകരുന്നു എന്ന് കരുതുക. അതിലോരോരുത്തരും രണ്ട് പേർക്ക് എന്ന തോതിൽ പകർച്ച സംഭവിച്ചാൽ, ഇരുപത്താറാമത്തെ ഘട്ടം പകർച്ച കഴിയുമ്പോൾ രോഗികളുടെ എണ്ണം ഏഴ് കോടിയുടെ അടുത്തെത്തും! കേരള ജനസംഖ്യയുടെ ഇരട്ടിയാണത്. ഒരുതരം ചെയിൻ റിയാക്ഷനാണവിടെ സംഭവിക്കുന്നത്. ഇനി ഒരാളിൽ നിന്ന് മൂന്നുപേർക്ക് പകരുന്നു എന്ന് കണക്കാക്കിയാൽ ഇത്രേം പേർക്ക് കിട്ടാൻ ഇരുപത്താറിന് പകരം പതിനാറ് ഘട്ടം പകർച്ച മതിയെന്ന് കാണാം. അങ്ങനെയെങ്കിൽ രോഗി ഒരു ബസ്സിൽ കയറിയാലോ? ഒറ്റയടിയ്ക്ക് പല മടങ്ങ് കൂടുതൽ ആളുകൾ റിസ്ക്കിലാകുന്നു. അതിലൊരാൾ ബസ്സിൽ നിന്നിറങ്ങി ഒരു തിരക്കുള്ള ഷോപ്പിങ് മാളിലേയ്ക്ക് കേറിയാലോ!?

വൈറസ് ബാധിച്ച ഓരോ വ്യക്തിയും പൊതുജനാരോഗ്യത്തിന്റെ കണ്ണിൽ അപകടകാരിയാകുന്നത് ഇക്കാരണം കൊണ്ടാണ്. വായുവിലൂടെ പകരുന്ന രോഗങ്ങളെ സംബന്ധിച്ച് രോഗി എത്രപേരുമായി ഇടപെടുന്നോ അത്രത്തോളം പേര് രോഗികളാകാൻ സാധ്യത തുറക്കുന്നു. അവർ എങ്ങോട്ടൊക്കെ പോകുന്നോ അങ്ങോട്ടൊക്കെ വൈറസും പടരാൻ സാധ്യത വരുന്നു. ഒരു ഇന്റർനാഷണൽ വിമാനത്തിൽ എത്ര രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ടാകുമെന്നോർക്കണം. അവർ വിമാനത്തിൽ നിന്നിറങ്ങി പല ദിക്കുകളിലേയ്ക്ക് പോകും, പലപ്പോഴും പല രാജ്യങ്ങളിലേയ്ക്ക്. ഇതാണ് പണ്ടുകാലത്തെ അപേക്ഷിച്ച് ആധുനികയുഗത്തിൽ ഇത്തരം വൈറസ് ബാധകളെ ഗൗരവകരമാക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന ആൾ രാത്രി ഡൽഹിയിലായിരിക്കാം, പിറ്റേന്ന് റഷ്യയിലും. ഓരോയിടത്തും അവർക്കുചുറ്റും നൂറുകണക്കിനാളുകൾ ഉണ്ടാകും. അവരിൽ പലരും ആദ്യത്തെയാളെപ്പോലെ തന്നെ സഞ്ചരിക്കുന്നുണ്ടാകും. ഫലമോ, നൊടിയിട മതി സംഗതി നിയന്ത്രണാതീതമായ ലെവലിലേയ്ക്ക് വളരാൻ.

നിങ്ങൾ രോഗം ബാധിച്ച ആളാണെങ്കിൽ നിങ്ങൾ പുറത്തേയ്ക്ക് നടത്തുന്ന ഓരോ ഇടപെടലും - പെട്ടിക്കടയിൽ നിന്ന് നാരങ്ങാവെള്ളം കുടിക്കുന്നത്, ബന്ധുക്കളെ സന്ദർശിക്കുന്നത്, ബസ്സിലോ ടാക്സിയിലോ കേറുന്നത്,... - ഫലത്തിൽ സാമൂഹ്യ ദ്രോഹമാണ്. രോഗം കൊടുക്കൽ മാത്രമല്ല, വാങ്ങലും അതേ ഫലം തന്നെ ചെയ്യും. കാരണം, വാങ്ങിയ ആൾ തന്നെയാണ് സ്വയമറിയാതെ ഒരു ചെയിൻ റിയാക്ഷന് തുടക്കമിടുന്നത്. അതുകൊണ്ട് വൈറസിനെ വഹിക്കാൻ സാധ്യതയുള്ള ഒരാളെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ളിടത്തേയ്ക്ക് സ്വയം ചെന്നുകയറുന്ന ആളും സമാനമായ ദ്രോഹമാണ് ചെയ്യുന്നത്.

ഇറ്റലിയിൽ നിന്ന് വൈറസുമായി വന്നിറങ്ങിയ മൂന്ന് പേർ കേരളത്തിൽ കുറേ യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി മറ്റ് രണ്ടു പേർക്ക് വൈറസ് ബാധിച്ചതായി ഉറപ്പിച്ചിട്ടുമുണ്ട്. ഏതാണ്ട് മൂവായിരം പേരെ ക്വാറന്റൈൻ ചെയ്യേണ്ട ഗതികേടിലാണ് ആ വകതിരിവില്ലായ്മ സർക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. പകർച്ചയുടെ ഏതെങ്കിലും ഘട്ടത്തിൽ എവിടെങ്കിലും വച്ച് അതേറ്റുവാങ്ങിയവർ ഇനിയുമുണ്ടാകും. അവരിലാരും തന്നെ നാളെ പൊങ്കാലസ്ഥലത്ത് ഉണ്ടാകില്ല എന്നുറപ്പുള്ളവരാണോ കലവുമായി അവിടെ തള്ളിക്കയറുന്നത് എന്നറിയില്ല. വേണ്ടാന്ന് മന്ത്രി പറയില്ല, കാരണം സ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്നം ആഗ്രഹിക്കില്ലല്ലോ. എന്തായാലും ചില്ലറ റിസ്ക്കൊന്നുമല്ല തലയിലെടുത്ത് വെയ്ക്കുന്നതെന്നറിയുക. ഇതെഴുതുമ്പോൾ 3661 പേർ കൊറോണ കാരണം മരണപ്പെട്ടിട്ടുണ്ട്. ഒരു ദൈവവും അതിൽ ഇടപെട്ടതുമില്ല!

Follow Us:
Download App:
  • android
  • ios