അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരി ഭർത്താവ് പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
മലപ്പുറം:എൽഡിഎഫ് നഗരസഭാ കൗൺസിലർ പ്രതിയായ വളാഞ്ചേരി പോക്സോ കേസിൽ പീഡനത്തിനിരയായ 16കാരിയുടെ സഹോദരീഭർത്താവിനെതിരെയും പോക്സോ പ്രകാരം കേസെടുത്തു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരി ഭർത്താവ് പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വളാഞ്ചേരി പോക്സോ കേസിലെ പ്രതിയായ എൽഡിഎഫ് നഗരസഭാ കൗൺസിലർ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാൾക്കെതിരായ കേസ്. ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയ സൂചന.
വളാഞ്ചേരി നഗരസഭ 32ആം വാർഡിലെ ഇടതുപക്ഷത്തിന്‍റെ സ്വതന്ത്ര കൗൺസിലറായ ഷംസുദ്ദീൻ നടക്കാവിലിനെതിരെ പതിനാറ് വയസുകാരിയായ പെൺകുട്ടി പരാതി നൽകിയിരുന്നു. ഒരു വർഷമായി ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെൺകുട്ടി ചൈൽഡ് ലൈനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ പരാതി വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഷംസുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ മലേഷ്യയിലേക്കോ തായ്‍ലന്‍റിലേക്കോ കടന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഈ രണ്ട് രാജ്യങ്ങളിലും ഷംസുദ്ദീന് ചില ബിസിനസ് ബന്ധങ്ങളുണ്ട്.
