കൊച്ചി: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റ് ദീപ മോഹനെതിരെ അഭിഭാഷകർ ബഹിഷ്കരണവുമായി മുന്നോട്ട് പോകും. പ്രശ്നം പരിഹരിച്ചെന്നായിരുന്നു നേരത്തെ ബാർ കൗൺസിൽ ഭാരവാഹികൾ പറഞ്ഞത്. എന്നാൽ മജിസ്ട്രേറ്റിനെതിരായ ബഹിഷ്‌കരണം പിൻവലിച്ചില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.

സംഭവം രമ്യമായി പരിഹരിക്കാൻ നാളെ ബാർ കൗൺസിൽ യോഗം ചേരും. വിവിധ ബാർ അസോസിയേഷൻ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുക്കും. ഇതിന് ശേഷം അഞ്ചാം തീയതി വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തും. ഇതിന് മുമ്പ് ഡിസംബർ നാലിന് മുഴുവൻ ബാർ കൗൺസിൽ ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്. 

അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയിൽ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികളുമായി ഹൈക്കോടതി മുന്നോട്ട് പോകുന്നതിനിടെയാണ് ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനെ നേരിൽ കണ്ടത്.