തിരുവനന്തപുരം: തലസ്ഥാനത്തെ ട്രഷറി തിരിമറി ധനകാര്യ സെക്രട്ടറി അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ട്രഷറി തട്ടിപ്പ് അറിഞ്ഞിട്ടും മുകളിലേയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നുവോയെന്ന് അന്വേഷിക്കും. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീഴ്ത്താൻ ആരെയും അനുവദിക്കുകയില്ല. ഇതിനുത്തരവാദികൾ ആരു തന്നെയായാലും കർക്കശമായ നടപടി സർക്കാർ സ്വീകരിക്കും. ഇതുസംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന് ധനകാര്യ സെക്രട്ടറിയെത്തന്നെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ട്രഷറി ജീവനക്കാർ റിട്ടയർ ചെയ്യുമ്പോൾ അവരുടെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യണമെന്നാണ് ചട്ടം. ഇത് പാലിക്കാതിരുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ബിജുലാൽ നേരത്തെയും തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്നും ജോയിൻറ് കൗൺസിൽ ആരോപിച്ചു. നാലര കോടി രൂപ തട്ടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാമത്തെ ശ്രമത്തിലാണ് 2 കോടി തട്ടിയതെന്നും ജോയിൻറ് കൗൺസിൽ ആരോപിച്ചു. ധനകാര്യ സെക്രട്ടറി അന്വേഷിച്ചാൽ ഇപ്പോഴത്തെ ഇടപാടിലെ ക്രമക്കേട് മാത്രമെ പുറത്ത് വരൂ. ധനകാര്യ വകുപ്പ് സെക്രട്ടറി താക്കീത് ചെയ്ത ജോയിന്‍റ് ഡയറക്ടറെ കൊണ്ട് ക്രമക്കേട് അന്വേഷിക്കുന്നത് ശരിയല്ലെന്നും ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റംഗം എസ് സജീവ് പറഞ്ഞു.

അതേ സമയം രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ സസ്പെൻഷനിലായ ട്രഷറി ജീവനക്കാരൻ ഒളിവിലെന്ന് പൊലീസ് അറിയിച്ചു. പ്രതി ബിജുലാലിനെ ഇന്നലെ മുതലാണ് കാണാതായത്. കരമനയിൽ താമസിക്കുന്ന വീട്ടിൽ പൊലീസ് എത്തുമ്പോൾ ബിജുലാൽ രക്ഷപ്പെട്ടിരുന്നു. ഭരണാനുകൂല സംഘടനയിൽ ഉൾപ്പെട്ട ബിജുലാലിനെ രക്ഷിക്കാൻ തുടക്കം മുതൽ ശ്രമം നടക്കുന്നതായുള്ള ആക്ഷേപം ശക്തമാണ്. സസ്പെൻഷനിലായ സീനിയർ അക്കൗണ്ടൻറ് ബിജുലാൽ നേരത്തെയും പണം തട്ടിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.