Asianet News MalayalamAsianet News Malayalam

'വന്ദേഭാരത് ഹിറ്റ്'; ആറ് ദിവസത്തെ ടിക്കറ്റ് കളക്ഷൻ 2.70 കോടി, മെയ് 14 വരെ സീറ്റ് ഫുള്‍

വന്ദേഭാരത് സമയക്രമം പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വന്ദേ ഭാരത് ഹിറ്റെന്ന് സൂചിപ്പിക്കുന്ന ടിക്കറ്റ് കളക്ഷൻ നിരക്കുകൾ പുറത്തുവരുന്നത്.

Vande Bharat Express ticket collection 2.70 crores for six days nbu
Author
First Published May 6, 2023, 7:19 AM IST

തിരുവനന്തപുരം: സർവീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസിന് വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്.

വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിൽ ടിക്കറ്റ് ഇനത്തിൽ 1 കോടി 17 ലക്ഷം രൂപയാണ് വരുമാനം. ഏപ്രിൽ 28 ന് തിരുവനന്തപുരം-കാസർകോട് സർവീസിൽ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. ഏപ്രിൽ 29 ന് 20.30 ലക്ഷം, ഏപ്രിൽ 30ന് 20.50 ലക്ഷം, മെയ്1ന് 20.1 ലക്ഷം, മെയ് 2 ന് 18.2 ലക്ഷം, മെയ് 3 ന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ. ഈ കാലയളവിൽ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്തത് 27,000 പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്.

Also Read: 'മറ്റ് ട്രെയിനുകൾ വൈകുന്നത് വന്ദേഭാരത് കാരണമല്ല'; വിശദീകരണവുമായി ദക്ഷിണ റെയിൽവേ

നിരക്ക് കൂടുതലാണെങ്കിലും കൂടുതൽ യാത്രക്കാരും തെരഞ്ഞത് എസ്‌സിക്യൂട്ടീവ് സീറ്റുകളാണ്. മെയ് 14 വരെയുള്ള മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റ് പോയി. വന്ദേ ഭാരത് എസ്പ്രസ്സിന് പ്രതീക്ഷിച്ച വേഗമില്ലെന്നും മറ്റ് ട്രെയിനുകൾ വന്ദേ ഭാരത്തിനായി പിടിച്ചിടുന്നു എന്നുമുള്ള ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വന്ദേ ഭാരത് സമയക്രമം പാലിക്കുന്നു എന്നും മറ്റ് ട്രെയിനുകൾ വൈകാൻ കാരണം വന്ദേ ഭാരത് അല്ലെന്നും റെയിൽവേ മറുപടി നൽകിയിരുന്നു. വന്ദേഭാരത് സമയക്രമം പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വന്ദേ ഭാരത് ഹിറ്റെന്ന് സൂചിപ്പിക്കുന്ന ടിക്കറ്റ് കളക്ഷൻ നിരക്കുകൾ പുറത്തുവരുന്നത്.

Follow Us:
Download App:
  • android
  • ios