വന്ദേമാതരം സെമിനാറിനെതിരെയാണ് വിവിധ വിദ്യാർത്ഥി സംഘടകൾ പ്രതിഷേധിക്കുന്നത്. പൊലീസും വിദ്യാർത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചു.

കാസർകോട്: കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം. വന്ദേമാതരം സെമിനാറിനെതിരെയാണ് വിവിധ വിദ്യാർത്ഥി സംഘടകൾ പ്രതിഷേധിക്കുന്നത്. പൊലീസും വിദ്യാർത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചു.

കാസർകോട് കേന്ദ്ര സർവ്വകലാശാലയില്‍ ഇന്നും നാളെയും നടത്താന്‍ തീരുമാനിച്ച വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം. പരിപാടിയിൽ ആർഎസ്എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തിയെന്നും കാവിവൽക്കരണ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ആരോപിച്ച് എസ്എഫ്ഐ, എംഎസ്എഫ്, എൻഎസ്‍യുഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളാണ് രംഗത്തെത്തിയത്. ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് വിവാദമായത്. ആർഎസ്‌എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതിലും പ്രതിഷേധമുണ്ട്.