കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തിയ സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് പ്രവർത്തകർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച സംഭവത്തിൽ വിദ്യാ‍ർഥികൾക്കെതിരെ നടപടി. അഞ്ച് വിദ്യാർത്ഥികളെ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. സയിദ് അലി (എസ് എഫ് ഐ), ആവേദ് (എസ് എഫ് ഐ), മുഹമ്മദ് യാസീൻ (കെ എസ് യു), താജുദ്ദീൻ (എം എസ് എഫ്), മുഹമ്മദ് ഷബീർ (എം എസ് എഫ്) എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. പ്രബന്ധ അവതരണം തടസ്സപ്പെട്ടതിനെ തുടർന്ന് പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്‌ടറുമായ കെ ശ്രീകുമാർ തന്നെയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

25 പേർക്കെതിരെ കേസ്

വന്ദേമാതരം സെമിനാർ സംഘാടനത്തെച്ചൊല്ലി ക്യാമ്പസിൽ കഴിഞ്ഞദിവസങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രോക്ടർ കെ ശ്രീകുമാർ പ്രസംഗിക്കുന്നതിനിടെ വിദ്യാർത്ഥികൾ 'ഗോ ബാക്ക്' വിളികളുമായി എത്തുകയും മൈക്ക് ഓഫ് ചെയ്ത് ലൈബ്രറി ഹാളിലെ സെമിനാർ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് എ ബി വി പി, എസ് എഫ് ഐ, കെ എസ്‌ യു, എം എസ് എഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് വാഗ്വാദമുണ്ടായി. സെമിനാർ അലങ്കോലപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, വന്ദേമാതരം സെമിനാറിനെതിരെ വൻ വിമർശനവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവർ രംഗത്തെത്തി. സർവകലാശാലാ വി സി ഒന്നാന്തരം ആർ എസ് എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്താക്കിയാണ് സെമിനാർ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേമാതരത്തിലെ ആദ്യ വരികൾ എല്ലാ വിദ്യാർത്ഥികളും പാടുമെങ്കിലും അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും സംഘപരിവാർ ലക്ഷ്യമിടുന്നത് വർഗീയ തന്ത്രമാണെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. പ്രതിഷേധിച്ച വിദ്യാർത്ഥികളെ കേരള പൊലീസ് ആക്രമിക്കുകയാണുണ്ടായതെന്നും, വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും എസ് എഫ് ഐ വ്യക്തമാക്കി.

YouTube video player